മട്ടന്നൂർ: ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേൽക്കാതെ യുവതി രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. മാലൂർ ഇടുമ്പ പള്ളിക്കടുത്ത് ബൈത്തുസഫ മൻസിലിലെ മര്യാടൻ അസ്കറുടെ വീട്ടിലായിരുന്നു സംഭവം നടന്നത്.
അസ്കറുടെ ഉമ്മയുടെ അനുജത്തിയുടെ മകൻ മര്യാടൻ അഫ്സൽ കൂത്തുപറമ്പിൽ ഫാൻസി കടയിൽ ജീവനക്കാരനാണ്. ജോലികഴിഞ്ഞു രാത്രിയോടെ വീട്ടിലെത്തിയ അഫ്സൽ ധരിച്ചിരുന്ന ഷൂ വീടിന്റെ മുന്നിലെ വരാന്തയിൽ അഴിച്ചുവച്ചതായിരുന്നു.
ഇന്നലെ രാവിലെ അഫ്സലിന്റെ ഉമ്മയുടെ ജേഷ്ഠത്തിയുടെ മകൾ ജസീറ അലക്കുന്നതിനിടെ അഫ്സലിന്റെ സോക്സും അലക്കാനെടുക്കുമ്പോൾ ഷൂസിനുള്ളിൽനിന്ന് പാമ്പിന്റെ തല ജസീറയുടെ കൈക്കുനേരെ ഉയർന്നു. ഭയന്നുവിറച്ചു പരിഭ്രാന്തയായ ജസീറയുടെ ബഹളംകേട്ട് വീട്ടിലുള്ളവരും അയൽക്കാരും എത്തി.
ഷൂ മുറ്റത്തേക്ക് എറിഞ്ഞുനോക്കിയപ്പോഴാണ് ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടത്. പാമ്പിന്റെ നിറം സാധാരണ കാണുന്ന പാമ്പുകളിൽനിന്നു വ്യത്യസ്തമാണ്. അണലി വർഗത്തിൽപ്പെട്ട പാമ്പിനെ പിന്നീട് വനത്തിൽ വിട്ടു.