കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിന്നും ട്രിപ്പ് വിളിച്ചു കൊണ്ടുപോയി ഓട്ടോറിക്ഷാ ഡ്രൈവറെ കുത്തിപ്പരിക്കേൽപിച്ചു. പുതിയതെരുവിലെ താമസക്കാരനും കണ്ണൂർ തയ്യിൽ സ്വദേശിയുമായ നിഹാലിനാണ് (40) കുത്തേറ്റത്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം.
ചേംബർഹാൾ പരിസരത്തുനിന്നും മൂന്നംഗസംഘം തോട്ടടയിലേക്ക് ട്രിപ്പ് പോകണമെന്ന് ആവശ്യപ്പെട്ട് ഓട്ടോറിക്ഷ വിളിക്കുകയായിരുന്നു. താഴെചൊവ്വ റെയിൽവേ ഗേറ്റിനു സമീപം എത്തിയപ്പോൾ ഓട്ടോറിക്ഷ നിർത്താൻ സംഘം ആവശ്യപ്പെട്ടു. ഉടൻ ഓട്ടോറിക്ഷയിൽ നിന്നിറങ്ങിയവർ ഓട്ടോറിക്ഷാ ഡ്രൈവർ നിഹാലിനെ വലിച്ചിറക്കി കുത്തുകയായിരുന്നു.
വയറിന് പരിക്കേറ്റ ഇയാൾ ഓട്ടോറിക്ഷയിൽ കയറി ബഹളം വച്ചതിനെ തുടർന്ന് സമീപത്തുള്ളവർ ഓടിയെത്തി ഇയാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ടൗൺ എസ്ഐ ബാവേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി.
സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരേ കേസെടുത്തു. മൂന്നുവർഷം മുന്പ് നൽകിയ ഒരു കേസുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്ന് പോലീസ് പറയുന്നു. ഈ കേസ് ഇന്നു വിചാരണയ്ക്ക് വരേണ്ടയിരുന്നതാണ്.