ബോവിക്കാനം: മുളിയാറിൽ കോടികൾ ചെലവിട്ടു പണിത ആശുപത്രി കെട്ടിടം പണിപൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും രോഗികൾക്ക് തുറന്നുകൊടുത്തില്ല.
മുളിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിനായി പണിത കെട്ടിടമാണ് അധികൃതരുടെ അനാസ്ഥയെ തുടർന്ന് രോഗികൾക്ക് പ്രയോജനപ്പെടാതെ നോക്കുകുത്തിയായി മാറിയത്.
എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെടുത്തി നബാർഡിന്റെ സഹായത്തോടെ 2.10 കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളുള്ള മൂന്നുനില കെട്ടിടം പണിതത്.
ഇതോടൊപ്പം ജീവനക്കാർക്ക് താമസിക്കുന്നതിന് മൂന്ന് ക്വാർട്ടേഴ്സുകളും പണിതിട്ടുണ്ട്. സർക്കാർ കെട്ടിടങ്ങളുടെ ശാപമായ വൈദ്യുതീകരണം ടെന്ഡര് ചെയ്യാത്തതാണ് ഇവിടെയും വിലങ്ങുതടിയായത്.
സിഎച്ച്സിയുടെ ചുമതലയുള്ള കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഇതിനായി യാതൊരു നീക്കവും നടക്കുന്നില്ല.
മത്സ്യമാർക്കറ്റ് നവീകരിച്ചിട്ടും മത്സ്യവിൽപ്പന പുറത്ത്
ബോവിക്കാനം: മത്സ്യമാർക്കറ്റ് കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തികൾ പൂർത്തിയായിട്ടും തുറന്നു പ്രവർത്തിക്കാൻ നടപടിയില്ല. ചെർക്കള-ജാൽസൂർ അന്തർ സംസ്ഥാനപാതയ്ക്കരികിലെ ബോവിക്കാനം ടൗണിലാണ് നവീകരിച്ച മത്സ്യമാർക്കറ്റ് ഉണ്ടായിട്ടും മാർക്കറ്റിന് പുറത്തു മത്സ്യവിൽപ്പന നടത്തുന്നത്.
വർഷങ്ങൾക്കു മുൻപ് നിർമിച്ച കെട്ടിടം അപകടാവസ്ഥയിലായതോടെയാണ് 13 ലക്ഷം രൂപ ചെലവഴിച്ചു നവീകരിച്ചത്. കെട്ടിടത്തിന്റെ മേൽക്കൂരയിലെ മരങ്ങളും ഓടുകളും മാറ്റി സ്ഥാപിക്കുകയും തറയിൽ ടൈൽസ് പാകിയും മലിനജലം സംസ്കരിക്കാനുള്ള സംവിധാനത്തോടെയുള്ള മാർക്കറ്റ് കെട്ടിടമാണ് നോക്കുകുത്തിയായി കിടക്കുന്നത്.
മാർക്കറ്റിന് പുറത്ത് മത്സ്യവിൽപ്പന നടത്തുന്നത് കാരണം ഇവിടെ നിന്നുള്ള മലിനജലം റോഡരികിലേക്കാണ് ഒഴുകുന്നത്.
എന്നു തുറക്കും ഈ ശൗചാലയം?
ബോവിക്കാനം: ബോവിക്കാനം ടൗണിലെ പൊതുശുചിമുറി അടച്ചുപൂട്ടിയത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. മുളിയാർ സിഎച്ച്സിക്ക് സമീപമുള്ള ശുചിമുറിയാണ് മാസങ്ങളായി അടഞ്ഞുകിടക്കുന്നത്. നേരത്തേ മോട്ടോർ തകരാറിനെ തുടർന്നു വെള്ളം ഇല്ലാതായതോടെയാണ് ശുചിമുറി അടച്ചത്.
എന്നാൽ മോട്ടോർ നന്നാക്കുകയും കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തികൾ നടത്തുകയും ചെയ്തിട്ടു രണ്ട് മാസം കഴിഞ്ഞെങ്കിലും ജീവനക്കാരനെ നിയമിച്ചു ശുചിമുറി തുറന്നു പ്രവർത്തിക്കാനുള്ള നടപടി അധികൃതർ സ്വീകരിച്ചിട്ടില്ല.
വിവിധ ആവശ്യങ്ങൾക്കായി ടൗണിലെത്തുന്നവർക്കും സിഎച്ച്സിയിൽ എത്തുന്ന രോഗികൾ ഉൾപ്പെടെയുള്ളവർക്കും പ്രാഥമികകൃത്യം നിർവഹിക്കാനുള്ള ഏക ആശ്രയമാണ് ഈ ശുചിമുറി.