ആലക്കോട്: ഉരുൾപൊട്ടലിനെ തുടർന്നുള്ള മലവെള്ളപ്പാച്ചിലിൽ ചപ്പാത്ത് ഒലിച്ചുപോയതിനെ തുടർന്ന് കടുത്ത യാത്രാദുരിതം പേറുകയാണ് ആലക്കോട്-നടുവിൽ പഞ്ചായത്തുകളുടെ അതിർത്തിയിലെ മുളകുവള്ളി, ദാരപ്പൻകുന്ന് ഗ്രാമങ്ങൾ. കഴിഞ്ഞദിവസം കനത്ത മഴയിൽ മേലാരംതട്ടിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നുള്ള മലവെള്ളപ്പാച്ചിലിലാണ് മുളകുവള്ളി തോട്ടിലുണ്ടായിരുന്ന ചപ്പാരത്ത് ഒലിച്ചുപോയത്.
മുളകുവള്ളി, ദാരപ്പൻകുന്ന് പ്രദേശങ്ങളിലെ 50 ലധികം കുടുംബങ്ങളെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന ചപ്പാത്താണ് പൂർണമായും തകർന്നത്. മുളകുവള്ളി-പാത്തൻപാറ-വെള്ളാട്-കാവുംകുടി, ദാരപ്പൻകുന്ന്, ഇടികര പ്രദേശങ്ങളിലെ നൂറുകണക്കിനാളുകൾ ആശ്രയിച്ചുവന്നിരുന്ന ചപ്പാത്താണ് തകർന്നത്.
തോടിന്റെ ഇരുഭാഗത്തെയും പഞ്ചായത്ത് റോഡുകളെ ബന്ധിപ്പിച്ച് നാട്ടുകാരാണ് ഇവിടെ ചപ്പാത്ത് നിർമിച്ചത്. ചപ്പാത്ത് തകർന്നതോടെ തോട് കടക്കാൻ കഴിയാതെ കടുത്ത യാത്രാദുരിതമാണ് നാട്ടുകാർ അനുഭവിക്കുന്നത്. സ്കൂൾ വിദ്യാർഥികളും രോഗികൾ ഉൾപ്പെടെയുള്ള പ്രായമായവരുമാണ് ഏറ്റവുമധികം ദുരിതം പേറുന്നത്. കൂറ്റൻ പാറകളും മറ്റും നിറഞ്ഞുകിടക്കുന്ന തോട്ടിൽ വെള്ളം ഉയർന്നതോടെ ഒരുതരത്തിലും യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ.
ഏറെ അപകടാവസ്ഥയും ഇതുയർത്തുന്നുണ്ട്. വാഹനഗതാഗതം സാധ്യമാക്കുന്ന വിധത്തിലുള്ള കോൺക്രീറ്റ് പാലം മുളകുവള്ളി-ദാരപ്പൻകുന്ന് തോടിന് കുറുകേ നിർമിച്ച് യാത്രാദുരിതം പരിഹരിക്കുന്നതിന് അധികൃതർ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.