കണ്ണൂർ: ദുരൂഹ സാഹചര്യത്തിൽ ഓട്ടോ അപകടത്തിൽ പരിക്കേറ്റു മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ഊർജിതമാക്കി.സംഭവുമായി ഒരാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഓട്ടോ ഓടിച്ച യുവാവിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇയാൾക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. കക്കാട് പരപ്പിൻമൊട്ട താഴത്തെവീട്ടിൽ സലാം-പരേതയായ മൈമൂന ദന്പതികളുടെ മകൻ മുഹമ്മദ് നബീലിനെ (28) യാണ് കക്കാട് ആരയാൽതറയ്ക്കു സമീപം പോസ്റ്റിനിടിച്ചുനിന്ന ഓട്ടോയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്.
സംഭവമറിഞ്ഞെത്തിയ പോലീസ് നബീലിനെ കണ്ണൂർ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടോടെയാണ് കക്കാട് അരയാൽ തറയ്ക്ക് സമീപം അപകടത്തിൽപെട്ട ഓട്ടോയിൽ നബീലിനെ വീണു കിടക്കുന്ന നിലയിൽ കാണുന്നത്.
എന്നാൽ ശരീരത്തിൽ കാര്യമായ പരിക്കൊന്നും കാണാനില്ലെന്നു പറയുന്നു. വ്യാജമദ്യവും കഞ്ചാവുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങൾ റിപ്പോർട്ടു ചെയ്ത പ്രദേശത്താണ് യുവാവിനെ മരിച്ച നിലയിൽ കണ്ടത്. എകെജി ആശുപത്രിയിലുള്ള മുഹമ്മദ് നബീലിന്റെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് ഇന്നു പോസ്റ്റുമോർട്ടത്തിനു വിധേയമാക്കും. പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ മരണം സംബന്ധിച്ച യഥാർഥ വസ്തുത വ്യക്തമാകുകയുള്ളൂവെന്ന് ടൗൺ എസ്ഐ അറയിച്ചു. അഷീല നബീലിന്റെ ഏകസഹോദരിയാണ്.