ചെറുവത്തൂർ: കടലിലെ മത്സ്യലഭ്യതക്കുറവ് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നു. മത്സ്യമേഖലയെ ആശ്രയിച്ചു കഴിയുന്ന കടലോരത്ത് മിക്കദിവസങ്ങളിലും ആളനക്കമില്ല.
യന്ത്രവത്കൃത ബോട്ടുകൾ കടലിലിറക്കിയിട്ട് ദിവസങ്ങളായി. നാമമാത്രമായ ബോട്ടുകൾ മാത്രമാണ് പലപ്പോഴും മത്സ്യബന്ധനത്തിന്ന് ഇറങ്ങുന്നത്.
മടക്കര മത്സ്യബന്ധന തുറമുഖത്തിൽ നൂറ് കണക്കിന് യന്ത്രവത്കൃത ബോട്ടുകളും ഫൈബർ ഓടങ്ങളും സ്ഥിരമായി മത്സ്യം വില്പന നടത്താൻ എത്തിച്ചേരാറുണ്ട്.
എന്നാൽ മാസങ്ങളായി തുറമുഖത്ത് മത്സ്യത്തിന്റെ വരവ് കുറഞ്ഞ് വരികയാണ്. ഇത് മൂലം മത്സ്യ വില്പന നടത്തുന്നവരും അനുബന്ധ തൊഴിലാളികളും തൊഴിലില്ലായ്മ നേരിടുകയാണ്.
ചില ബോട്ട് ഉടമകൾ കിട്ടിയ വിലയ്ക്ക് ബോട്ട് വില്പന നടത്തി ഈ മേഖലയിൽനിന്ന് ഒഴിഞ്ഞു പോക്ക് ആരംഭിച്ചു കഴിഞ്ഞു.
ഡീസലിന്റെ വിലവർധനവും തൊഴിലാളികളുടെ വേതനവും നൽകി ഈ രംഗത്ത് ഏറെ നാൾ പിടിച്ച് നിൽക്കാൻ കഴിയുമോയെന്ന് ഇവർ ചോദിക്കുന്നു.
ഈ സ്ഥിതി തുടർന്നാൽ പരമ്പരാഗതമായി മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾ മുഴുപട്ടിണിയിലാകും.
മത്സ്യമേഖലയിലെ കുടുംബങ്ങളും അനുബന്ധ തൊഴിൽ മേഖലയിൽ പണിയെടുക്കുന്നവരും പ്രതീക്ഷയുടെ ദിനങ്ങൾ കാത്ത് കഴിയുകയാണ്.