മട്ടന്നൂർ: പുതുവർഷം തുടങ്ങിയപ്പോൾ തന്നെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് ഒന്നരക്കോടി രൂപയുടെ സ്വർണം. അഞ്ച് പേരിൽ നിന്നായി നാലര കിലോ സ്വർണമാണ് ഒരു മാസത്തിനുള്ളിൽ പിടികൂടിയത്.
മലദ്വാരത്തിലും അടിവസ്ത്രത്തിനുളളിലും സ്പ്രേ കുപ്പിയിലും മറ്റുമായി കടത്തുമ്പോഴാണ് സ്വർണം പിടികൂടിയിരുന്നത്. സ്വർണത്തിന് പുറമെ 57 ലക്ഷം വരുന്ന വിദേശ കറൻസി രണ്ടു പേരിൽ നിന്നായി പിടികൂടിയിരുന്നു.
കണ്ണൂർ വിമാനത്താവളം വഴി സ്വർണക്കടത്ത് വ്യാപകമായതോടെ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞദ്വസം രാത്രിയിൽ മലപ്പുറം സ്വദേശി യു.ഹിശാമുദീനിൽ (24) നിന്ന് 40 ലക്ഷത്തോളം രൂപയുടെ സ്വർണം പിടികൂടി.
ബഹ്റിനിൽ നിന്ന് കുവൈറ്റ് വഴി എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ ഹിശാമുദീനെ ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ മധുസൂദനൻ ഭട്ടിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലുള്ള 1083 ഗ്രാം സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു.