മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കടത്താൻ ശ്രമിച്ച 56.35 ലക്ഷത്തിന്റെ സ്വർണം പിടികൂടി. രണ്ട് പേർ പിടിയിയിലായി. ഇന്നു രാവിലെ ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്നെത്തിയ ഗോഎയർ വിമാന യാത്രക്കാരും കാസർഗോഡ് സ്വദേശികളുമായ ദാവൂദ്, ഷാഹൂൽ ഹമീദ് എന്നിവരിൽ നിന്നാണ് ഒരുകിലോ 400 ഗ്രാം തൂക്കം വരുന്ന സ്വർണം പിടികൂടിയത്.
അബുദാബിയിൽ നിന്നെത്തിയ ഷാഹൂൽ ഹമീദിൽ നിന്നു 700 ഗ്രാമും ദുബായിൽ നിന്നെത്തിയ ദാവൂദിൽ നിന്നു 700 ഗ്രാമും തൂക്കം വരുന്ന സ്വർണമാണു പിടികൂടിയത്. സ്പ്രേ കുപ്പിക്കകത്തും ബ്ലഡ് പ്രഷർ മോണിറ്ററിംഗ് വാച്ചിലുമായാണു സ്വർണം കടത്തിയത്.
കസ്റ്റംസ് അസി.കമ്മീഷണർ മധുസൂദനൻ ഭട്ടിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സംശയം തോന്നിയ യുവാക്കളെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണു സ്വർണം കണ്ടെത്തിയത്. സ്വർണ ബിസ്ക്കറ്റുകളായും സ്വർണം ചെറിയ കഷണങ്ങളാക്കിയും ഒളിപ്പിച്ചു വച്ച നിലയിലുമായിരുന്നു.
സ്വർണക്കടത്ത് വ്യാപകമായതോടെ കസ്റ്റംസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. പരിശോധനയിൽ സൂപ്രണ്ട് കെ.സുകുമാരൻ, ഇൻസ്പെക്ടർമാരായ യദു കൃഷ്ണൻ, എൻ. അശോക് കുമാർ, കെ.വി.രാജു, മനീഷ് കുമാർ, എൻ.സി.പ്രശാന്ത്, ഹവീൽദാർമാരായ ശ്രീരാജ്, സുമാവതി എന്നിവരും പങ്കെടുത്തു.