ശ്രീകണ്ഠപുരം: ചന്ദനക്കാംപാറ മേഖലയിൽ വീണ്ടും കാട്ടാന ശല്യം. നറുക്കുംചീത്തയിൽ കൃഷി നശിപ്പിക്കാനെത്തിയ കാട്ടാനക്കൂട്ടത്തിലെ കൊമ്പനാന കാലിന് പരിക്കേറ്റ് കൃഷിയിടത്തിൽ അകപ്പെട്ടതിനെത്തുടർന്ന് വനപാലകർ സ്ഥലത്തെത്തി.
നറുക്കുംചീത്തയിലെ ചേന്നപ്പള്ളി മാത്യുവിന്റെ കൃഷിയിടത്തിലാണ് ആനയുള്ളത്. ഇന്നു രാവിലെ കാട് തെളിക്കാനെത്തിയ തൊഴിലാളികളാണ് ആനയെ അവശനിലയിൽ കണ്ടത്.
തുടർന്ന് പാടാംകവലയിലെ വനം വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. ഉളിക്കലിൽ നിന്ന് വെറ്ററിനറി ഡോക്ടർ ഉച്ചയോടെ സ്ഥലത്തെത്തി ആനയെ പരിശോധിക്കും.
നറുക്കുംചീത്ത, ഒന്നാംപാലം, ആടാംപാറ, ഷിമോഗ കോളനി, പാടാംകവല പ്രദേശങ്ങളിൽ ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്.
കശുമാവ്, തെങ്ങ്, റബർ,പച്ചക്കറി കൃഷി ഉൾപ്പെടെയാണ് നശിപ്പിച്ചത്. കശുവണ്ടികളും പച്ചണ്ടികളും പൂവും കൃഷിയിടങ്ങളിൽ ചിതറിക്കിടക്കുകയാണ്.
മാസങ്ങൾക്ക് മുമ്പ് നറുക്കുംചീത്തയിലെ പുളിക്കത്തടത്തിൽ ചന്ദ്രന്റെ വീട്ടുപറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ കാട്ടാന വീണിരുന്നു. തുടർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കിയാണ് ആനയെ പുറത്തെത്തിച്ചത്.