പടന്ന: മഴ പോലുമില്ലാത്ത കാലാവസ്ഥയിൽ ജലനിധി കുടിവെള്ള പദ്ധതിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന കിണർ ഇടിഞ്ഞു താഴ്ന്നത് നാട്ടുകാരെ ആശങ്കയിലാക്കി. പടന്ന എംആർവിഎച്ച്എസിന് സമീപത്തെ വലിയ കിണറാണ് ഉഗ്ര ശബ്ദത്തോടെ താഴ്ന്നത്. സ്കൂളിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗവും കിണറിനൊപ്പം താഴ്ന്നുപോയി. ഇതോടെ പദ്ധതിയുടെ ഭാഗമായുള്ള രണ്ടു കുടിവെള്ള ടാങ്കുകളും സ്കൂൾ കെട്ടിടവും അപകട ഭീഷണിയിലായി.
കിണർ താഴ്ന്നതോടെ പ്രദേശത്തെ 550 കുടുംബങ്ങൾക്ക് കുടിവെളളവിതരണം ഇന്നലെ മുടങ്ങി. ഇന്നലെ താഴ്ന്ന കിണറിന്റെ ചുറ്റു ഭാഗം ഇടിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതർ കിണർ മണ്ണിട്ട് നികത്തുന്ന ജോലി തുടങ്ങി. കിണറിന്റെ ഇടിഞ്ഞ അരികും ജല ടാങ്കുകളും തമ്മിൽ ഒരു മീറ്റർ മാത്രമാണ് ദൂരമുളളത്.
അൻപത് വർഷം മുമ്പാണ് ഇവിടെ കിണർ പണിതത്. നേരത്തേ ജല അതോറിറ്റിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന കിണറും ടാങ്കും 2014 ലാണ് ജലനിധി പദ്ധതിയിലൂടെ ഏറ്റെടുത്തത്. നേരത്തേ ഉണ്ടായിരുന്ന മുപ്പത്തയ്യായിരം ലിറ്റർ ശേഷിയുള്ള സംഭരണിക്ക് ചോർച്ച സംഭവിച്ചതിനാൽ തൊട്ടടുത്തു തന്നെ അമ്പത്തഞ്ചായിരം ലിറ്റർ ശേഷിയുളള പുതിയത് പണിയുകയായിരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളമെത്തിക്കുന്ന വലിയ പദ്ധതിയാണിത്.
വർഷം മുഴുവൻ ദിവസേന രണ്ടു മണിക്കൂർ വീതം മൂന്നു നേരങ്ങളിലായാണ് 550 കുടുംബങ്ങൾക്ക് കുടിവെളളം വിതരണം ചെയ്തിരുന്നത്. കിണറിന്റെ പാർശ്വഭിത്തിക്ക് തകരാർ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ് രണ്ടു വർഷം മുമ്പ് അറ്റകുറ്റ പണികൾക്കായി ജലനിധി 4.75 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ചിലരിൽ നിന്നും എതിർപ്പ് ഉണ്ടായതോടെ നവീകരണ പ്രവൃത്തി നടത്താനായില്ല.
കിണർ താഴ്ന്നതോടെ കാന്തിലോട്ട്, കൂവക്കൈ, പൊറോട്ട്, കൈപ്പാട്, പയ്യങ്കി തുടങ്ങിയ കിഴക്കൻ പ്രദേശങ്ങളിലെ 350 കുടുംബങ്ങൾക്കും മാട്ടുമ്മൽ, പുഴ ചുറ്റുമുള്ള പ്രദേശങ്ങളായ വടക്കേക്കാട്, തെക്കേക്കാട് എന്നിവിടങ്ങളിലെ 200 കുടംബങ്ങൾക്കും ഇന്നലെ വെള്ളം നൽകാനായില്ല. പടന്ന ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ സർവകക്ഷി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഫൗസിയ, ഭരണസമിതി അംഗങ്ങൾ, വില്ലേജ് ഓഫീസർ, പോലീസ്, അഗ്നി ശമനസുരക്ഷാ സേന തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.