തളിപ്പറമ്പ്: വീട്ടമ്മയ്ക്ക് സമാനതകളില്ലാത്ത സമൃദ്ധി സമ്മാനിച്ച് മുട്ടക്കോഴികളുടെ എഗ്ഗർ നഴ്സറി. പരിയാരം അരിപ്പാമ്പ്രയിലെ ബി.ഷെഹ്സാദിയയാണ് മാതൃകയായിരിക്കുന്നത്. ജയിംസ് മാത്യു എംഎൽഎ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ സമൃദ്ധി പദ്ധതിയിൽ തുടക്കം മുതൽത്തന്നെ പങ്കാളിയായ ഷെഹ്സാദിയ ഇതിനായി നടത്തിയ ശില്പശാലകളിലും ക്ലാസുകളിലും പങ്കെടുത്തിരുന്നു.
ഇറച്ചിക്കോഴി വളർത്തൽ യൂണിറ്റുകൾ നിരവധിയുള്ള നാട്ടിൽ ഷെഹ്സാദിയ തെരഞ്ഞെടുത്തത് മുട്ടക്കോഴികളെയായിരുന്നു. അഞ്ചുലക്ഷം രൂപയാണ് പദ്ധതിക്കായി വായ്പയെടുത്തത്. ഇതിന്റെ പലിശ നൽകുന്നത് പരിയാരം പഞ്ചായത്താണ്.
വീട്ടുവളപ്പിൽത്തന്നെ 2000 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിച്ച ഷെഡിലാണ് മുണ്ടയാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽനിന്ന് കൊണ്ടുവരുന്ന കോഴികളെ വളർത്തുന്നത്. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിനെ 22 രൂപ നിരക്കിൽ വാങ്ങി 50 ദിവസം വളർത്തുകയാണ് ഷെഹ്സാദിയ. മൃഗസംരക്ഷണ വകുപ്പും മറ്റ് സർക്കാർ ഏജൻസികളും നടപ്പിലാക്കുന്ന മുട്ടക്കോഴി വിതരണ പദ്ധതിയിലേക്കാണ് 110 രൂപ നിരക്കിൽ കോഴികളെ നൽകുന്നത്. ഇതുവരെ 15,000 കോഴികളെയാണ് ഇവിടെ നിന്ന് വിതരണം ചെയ്തത്.
നിലവിൽ 2000 കോഴികളാണ് ഫാമിനുള്ളത്. സർക്കാർ പദ്ധതിക്കുപുറമെ ആവശ്യക്കാരായ മറ്റുള്ളവർക്കും കോഴികളെ നൽകുന്നുണ്ട്. 125 മുതൽ 135 രൂപ വരെയാണ് പുറത്തുള്ളവരിൽനിന്ന് ഈടാക്കുന്നത്.
ഷെഡിൽ സ്പീക്കറുകൾ സ്ഥാപിച്ച് പാട്ടുകൾ കേൾപ്പിച്ചാണ് കോഴികളെ പരിപാലിക്കുന്നത്. രോഗബാധകളുണ്ടെന്ന് തോന്നുന്ന കോഴികളെ ഉടൻതന്നെ കൂട്ടത്തിൽനിന്ന് മാറ്റി പ്രത്യേകം പാർപ്പിച്ച് ചികിത്സ നൽകും.
ഇതുകൂടാതെ പരിയാരം പഞ്ചായത്ത് കാൻസർ നിയന്ത്രിത ഗ്രാമം എന്ന പദ്ധതി നടപ്പിലാക്കി തുടങ്ങിയതോടെ വിഷരഹിതമായ മുട്ടയും ഇറച്ചിയും എന്ന സന്ദേശത്തിന് പ്രചാരണം കൂടുന്നതും ഷെഹ്സാദിയക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നു. മുട്ടക്കോഴികളോടൊപ്പം നിയന്ത്രിതമായ തോതിൽ കരിങ്കോഴികളെയും വളർത്തുന്നുണ്ട്. അധ്യാപകനായ ഭർത്താവ് ഹസൻകുഞ്ഞിയും ഒഴിവുസമയങ്ങളിൽ ഇവരെ സഹായിക്കുന്നു.