പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് സെന്‍ട്രല്‍ ക്ലിനിക്കല്‍ ലാബില്‍ ഏര്‍പ്പെടുത്തിയ പുതിയ നിയമങ്ങള്‍ രോഗികളെയും കൂട്ടിരിപ്പുകാരേയും വലയ്ക്കുന്നു.
നാലും അഞ്ചും മണിക്കൂറുകള്‍വരെ ക്യൂനിന്ന് തളരുകയാണ് ആളുകള്‍. നേരത്തെ ഇന്‍പേഷ്യന്റ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് വിവിധ ക്ലിനിക്കല്‍ പരിശോധനകള്‍ നടത്താനായി സാമ്പിളുകള്‍ വാര്‍ഡില്‍നിന്ന് ശേഖരിച്ച് അസിസ്റ്റന്റുമാരാണ് അത് ലാബില്‍ എത്തിച്ച് റിസള്‍ട്ട് എത്തിച്ചിരുന്നത്. ഇതിനൊക്കെയാണ് സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ പണം ഈടാക്കുന്നത്.
എന്നാല്‍ കഴിഞ്ഞ ഒരുമാസത്തിലേറെയായി നഴ്സിംഗ് അസിസ്റ്റന്റുമാര്‍ ഈ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു.
ഇതൊന്നും തങ്ങളുടെ ജോലിയല്ലെന്ന ഇവരുടെ നിലപാടിന് വഴങ്ങി മെഡിക്കല്‍ കോളജ് അധികൃതര്‍ ഏര്‍പ്പെടുത്തിയ നിയമങ്ങളാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ദുരിതമായത്.
ക്ലിനിക്കല്‍ പരിശോധനക്കും പാത്തോളജി പരിശോധനകള്‍ക്കുമുള്ള സാമ്പിളുകള്‍ നഴ്സുമാര്‍ ശേഖരിച്ച് നല്‍കുന്നത് രോഗിയോ കൂട്ടിരിപ്പുകാരോ ലാബില്‍ എത്തിക്കണം എന്നതാണ് പുതിയ നിയമം.
ഇതോടെ ലാബില്‍ 24 മണിക്കൂറും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സാമ്പിളുകള്‍ നല്കാന് മണിക്കൂറുകള്‍ കാത്തിരിക്കുന്നയാള്‍ റിസള്‍ട്ട് വാങ്ങാനായി വീണ്ടും മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കണം.
ഇതിനിടയില്‍ എത്തുന്ന ഔട്ട്പേഷ്യന്റുമാരുടെ സ്ഥിതിയും ദുരിതപൂര്‍ണമാണ്. നാല് മണിക്കൂര്‍ വരെയൊക്കെ ഇവര്‍ കാത്തിരിക്കേണ്ടിവരുന്നു. പുറത്തുള്ള സ്വകാര്യ ലാബുകളേക്കാള്‍ കൂടിയ നിരക്കുകളുമാണ് ഇവിടെ ഈടാക്കുന്നതും.
കാത്തിരിപ്പിന്റെ ദുരിതവും ഉയര്‍ന്ന ചാര്‍ജും കാരണം ഇപ്പോള്‍ രോഗികള്‍ സ്വകാര്യലാബുകളെ ആശ്രയിച്ചു തുടങ്ങിയിരിക്കയാണ്. സന്ദര്‍ഭം മുതലെടുത്ത് ആശുപത്രിക്ക് പുറത്ത് കൂടുതല്‍ സ്വകാര്യ ക്ലിനിക്കല്‍ ലാബുകള്‍ കൂടുതലായി ആരംഭിച്ചിരിക്കുകയുമാണ്.
ലാബുകളില്‍ കൂട്ടിരിപ്പുകാരെ ക്യൂവില്‍ നിര്‍ത്തി പീഡിപ്പിക്കുമ്പോഴും സര്‍വീസ് ചാര്‍ജ് വാങ്ങുന്നതില്‍ കുറവൊന്നും വരുത്തിയിട്ടുമില്ല.
സെന്‍ട്രല്‍ ക്ലിനിക്കല്‍ ലാബില്‍ ഏര്‍പ്പെടുത്തിയ പുതിയ നിയമങ്ങള്‍ രോഗികളുടെ ക്ഷമയെ പരീക്ഷിക്കുന്നതാണെന്നും അടിയന്തിരമായി പിന്‍വലിക്കണമെന്നും ജനകീയാരോഗ്യവേദി കണ്‍വീനര്‍ എസ്.ശിവസുബ്രഹ്മണ്യന് ആവശ്യപ്പെട്ടു.