തളിപ്പറമ്പ്: ഒറ്റ നമ്പര്‍ ലോട്ടറി വില്പന നടത്തിയ രണ്ട് പേരെ പോലീസ് പിടികൂടി. കുപ്പം മുക്കുന്നിലെ പി.എ മൊയ്തു (48), പുളിമ്പറമ്പിലെ കരിപ്പൂലിലെ പി.വി.ഷാജി (36) എന്നിവരാണ് പിടിയിലായത്. തളിപ്പറമ്പ് ബസ്സ്റ്റാൻഡിനു മുന്നിലെ ദേശീയ പാതയോരത്തെ ഷാജിയുടെ ഉടമസ്ഥതയിലുള്ള ഹരിവിനായക ലോട്ടറി സ്റ്റാളിന് സമീപത്ത് നിന്നാണ് രണ്ട് പേരെയും തളിപ്പറമ്പ് എസ്ഐ കെ.പി.ഷൈന്‍ പിടികൂടിയത്. ഇവരില്‍ നിന്നായി 27,800 രൂപയും പിടിച്ചെടുത്തു.
ഒറ്റ നമ്പര്‍ ലോട്ടറി വില്പനയില് തളിപ്പറമ്പിലും മറ്റു പ്രദേശങ്ങളിലുമായി 50 ഓളം പേര് പോലീസ് നിരീക്ഷണത്തിലാണ്. സീനിയര്‍ സിപിഒ എ.ജി. അബ്ദുള്‍റൗഫ്, സിപിഒ മാരായ സ്നേഹേഷ്, ബിനേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. തളിപ്പറമ്പിലെയും കാഞ്ഞങ്ങാട്ടെയും രണ്ടുപേരുടെ നേതൃത്വത്തിലാണ് ഇവര്‍ ഉള്‍പ്പെടെ 50 ലേറെ ഏജന്റുമാര്‍ ഒറ്റനമ്പര്‍ ലോട്ടറി വില്പന നടത്തുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.
20 രൂപക്ക് വില്‍ക്കുന്ന ഒരു ലോട്ടറിക്ക് സമ്മാനമായി പരമാവധി നല്‍കുന്നത് 5000 രൂപയാണ്. പലരും ആയിരക്കണക്കിന് രൂപയാണ് ഇതിന് മുടക്കുന്നത്. പൂജ്യം മുതല്‍ ഒന്‍പത് വരെയുള്ള ഏതെങ്കിലും അക്കത്തിനാണ് സമ്മാനം നല്‍കുന്നത്.
ഒരേ നമ്പര്‍ തന്നെ പലരും മല്‍സരിച്ച് എടുക്കുന്നതിനാല്‍ വലിയ തുകയാണ് നടത്തിപ്പുകാര്‍ക്ക് ലഭിക്കുന്നത്. ഒറ്റനമ്പര്‍ ലോട്ടറി നടത്തിപ്പിന്റെ ചുക്കാന്‍ പിടിക്കുന്ന ഉന്നതരെ പോലീസിന് തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. നടത്തിപ്പുകാര്‍ക്ക് പ്രതിദിനം 20 ലക്ഷം രൂപയെങ്കിലും ലാഭം ലഭിക്കുന്നതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇതിനായി ഒരു പ്രത്യേക സ്ക്വാഡിനെ നിയോഗിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.