ഇരിട്ടി: സംസ്ഥാന നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപ ഇരിട്ടി ടൗണില്‍ നിലക്കടല വറുത്തു വിറ്റ് ഉപജീവനം നയിക്കുന്ന കൂരന്മുക്ക് എളമ്പയിലെ പി.വി.ഷമീറിന്.
കുഞ്ഞുനാൾ മുതൽ കടല വില്പന നടത്തുന്ന ഷമീർ 22 വര്‍ഷത്തെ അധ്വാനത്തിന് ദൈവം നല്കിയ അനുഗ്രഹമായാണ് ഭാഗ്യദേവതയുടെ അനുഗ്രഹത്തെ കാണുന്നത്.
ലോട്ടറി ഏജന്റ് വിശ്വന്റെ സത്യസന്ധതയും വിശ്വനിൽനിന്ന്‍ എന്നും ടിക്കറ്റെടുക്കണമെന്ന ഷെമീറിന്റെ ഉറച്ച മനസും ഒന്നിച്ചപ്പോള്‍ ഭാഗ്യദേവത ഇവര്‍ക്കൊപ്പം നിൽക്കുകയായിരുന്നു.
12 വര്‍ഷമായി ലോട്ടറി എടുക്കുന്ന ഷമീര്‍ ഫോണ്‍ വിളിച്ചുപറഞ്ഞപ്പോള്‍ വിശ്വന് മൂന്ന് ടിക്കറ്റ് മാറ്റിവയ്ക്കുകയായിരുന്നു. വിശ്വന്തന്നെയാണ് ടിക്കറ്റ് കൈയില്‍ സൂക്ഷിച്ചതും. ഫലമറിഞ്ഞപ്പോൾ വിശ്വന്തന്നെ ഷമീറിനെ അറിയിച്ചു:
” നിനക്കായി മാറ്റിവച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം.’ രണ്ടരമാസം മുന്‍പാണ് ഷമീർ ലോണെടുത്ത് വീടുപണി പൂര്‍ത്തിയാക്കിയത്. “വീടുനിര്‍മാണത്തിന് എടുത്ത 15 ലക്ഷം രൂപയുടെ ലോണ്‍ അടച്ചുതീര്‍ക്കണം.
മൂന്നു മക്കളുടെ വിദ്യാഭ്യാസം നന്നായി നടത്തണം…’- ഷമീറിന്റെ ആഗ്രഹം ഇത്രമാത്രം. ഇരിട്ടിയിലെ പയ്യന് ലോട്ടറി ഏജന്‍സി വഴി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.