കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിലെ ഒൻപത് കടകളിൽ കവർച്ച. കണ്ണൂർ ട്രെയിനിംഗ് സ്കൂളിനു മുന്നിലുള്ള സുപെക്സ് കോർണറിലെ കടകളിലാണ് കവർച്ച നടന്നത്.
ഇന്നു പുലർച്ചെയാണ് സംഭവം. ഫോട്ടോസ്റ്റാറ്റ് കട കുത്തിത്തുറന്ന് 10,000 രൂപയോളം കവർച്ച നടത്തി. സെല്ലോ നെക്സ് മൊബൈൽ കടയുടെ ഗ്ലാസ് തകർത്തു.
എസ്ആർ പ്രിന്റേഴ്സിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 12,500 രൂപ കവർന്നു. തൊട്ടടുത്തുള്ള നാഷണൽ ഇൻഷ്വറൻസ് കന്പനിയിൽനിന്ന് 2,500 രൂപയും ഗാർമെന്റ്സിൽനിന്ന് 4,000 രൂപയും കവർച്ച ചെയ്തു.
തൊട്ടടുത്തുള്ള ഹോട്ടൽ, മഞ്ജു ഫോട്ടോസ്, ഷമ്മാസ് ഷോപ്പ്, ക്രയോസ് എൻജിനിയറിംഗ് തുടങ്ങിയവയുടെ പൂട്ട് പൊളിച്ച് അകത്തുകടന്നെങ്കിലും ഒന്നും കൊണ്ടുപോയില്ല.
രാവിലെ കടകൾ തുറക്കാനെത്തിയവരാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ടൗൺ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
നഗരത്തിലെ കവർച്ചക്കാരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തി.