കണ്ണൂർ: നഗരത്തിലെ ടൂറിസ്റ്റ് ഹോമിൽനിന്ന് ദന്പതികളുടെ ആഭരണങ്ങളും പണവും കവർന്ന സംഭവം കണ്ണൂർ ടൗൺ പോലീസിലെ പ്രത്യേകസംഘം അന്വേഷിക്കും. വിവാഹത്തിൽ പങ്കെടുക്കാൻ ഛത്തീസ്ഗഡിൽനിന്ന് കണ്ണൂരിലെത്തിയ ഷാനിൽ-റിനി ദന്പതികളുടെ ആഭരണങ്ങളും പണവുമാണ് കൊള്ളയടിച്ചത്. താവക്കരയിലെ ഒരു ടൂറിസ്റ്റ് ഹോമിലാണ് ഇവർ മുറിയെടുത്തത്.
ഡയമണ്ട് നെക്ലേസ് ഉൾപ്പെടെ എട്ടുലക്ഷത്തോളം രൂപയുടെ ആഭരണങ്ങളും 50,000 രൂപയുമാണ് മോഷണം പോയത്. സിസിടിവി ഇവിടെ പ്രവർത്തിച്ചിരുന്നില്ല. ഹോട്ടലുകൾക്കും ലോഡ്ജുകൾക്കും സിസിടിവികൾ ഉൾപെടെയുള്ള സംവിധാനങ്ങൾ നിർബന്ധമാക്കണമെന്ന് പോലീസിന്റെ നിർദേശമുണ്ടായിരുന്നു.
കഴിഞ്ഞദിവസം കവർച്ച നടന്ന ടൂറിസ്റ്റ് ഹോമിൽ ഏഴോളം കളവുകൾ ഇതിനകം നടന്നിരുന്നു. എന്നാൽ രണ്ടു കേസുകൾ മാത്രമാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. കവർച്ച നടന്നപ്പോൾ തന്നെ സിസിടിവി സ്ഥാപിക്കണമെന്ന് ലോഡ്ജ് ഉടമക്ക് നിർദേശം നൽകിയെങ്കിലും ഇവർ പാലിച്ചില്ലെന്ന് പോലീസ് പറയുന്നു.