പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളജിനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന ഹൃദയാലയയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളെ ചൊല്ലി ഉദ്ഘാടനത്തിനു മുന്നേ വിവാദം. കേരള ലളിതകലാ അക്കാദമി തയാറാക്കിയ ചിത്രങ്ങളാണ് വിവാദത്തിലേക്ക് നീങ്ങുന്നത്.
നാളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യാനിരിക്കെ വിവാദം കത്തിപടരുകയാണ്. പല ചിത്രങ്ങളും സഭ്യതയ്ക്ക് നിരക്കുന്നതല്ലെന്നാണ് പ്രധാന ആക്ഷേപം. റിസപ്ഷൻ കൗണ്ടറിലും പരിസരങ്ങളിലുമായി 18 ചിത്രങ്ങളാണ് സ്ഥാപിക്കുന്നത്.
ഹൃദയാലയ പോലുള്ള ഒരു സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഇത്തരം ചിത്രങ്ങള്‍ പ്രദര്ശിപ്പിക്കേണ്ടതണ്ടോ എന്നാണ് വിമര്‍ശകരുടെ ചോദ്യം. പ്രകൃതി ദൃശ്യങ്ങളോ കണ്ണിന് ഇമ്പം പകരുന്ന ചിത്രങ്ങളോ പ്രദര്‍ശിപ്പിക്കുന്നതിന് പകരം നഗ്നചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കുന്നത്.
നേരത്തെ മെഡിക്കല്‍ കോളജിലെ അക്കാദമി ബ്ലോക്കില്‍ ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ ഒരുക്കിയ ആര്‍ട്ട് ഗ്യാലറിക്ക് പുറമേയാണ് ചിത്രങ്ങൾ സ്ഥാപിക്കുന്നത്. കണ്ണിന് ഇന്പമേകുന്ന ചിത്രങ്ങൾ രോഗത്തെ തുടർന്നു കടുത്ത മാനസീക സമ്മർദമനുഭവിക്കുന്നവരുടെയും കൂട്ടിരിപ്പുകാരുടെയും ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുമെന്നു നേരത്തെ ശാസ്ത്രീയമായി കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോട്ടകൾ ഹൃദയാലയിലും സ്ഥാപിക്കുന്നതെന്നു ലളിതകലാ അക്കാദമി അംഗവും മെഡിക്കല്‍ കോളജിലെ ആര്‍ട്ടിസ്റ്റുമായ തൃക്കരിപ്പൂര്‍ രവീന്ദ്രന് പറയുന്നു. കേരളത്തിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇത്തരത്തില്‍ സ്ഥിരം ചിത്രപ്രദര്‍ശനം ഒരുക്കുന്നത് ആദ്യമായാണ്.