ഇരിട്ടി: ഗതാഗതനിയമം ലംഘിക്കുന്നവരെ ചങ്ങല പൂട്ടിട്ടു കുരുക്കാൻ ഇരിട്ടി പോലിസ്. ഇരിട്ടി ടൗൺ നവീകരണത്തോടൊപ്പം നടപ്പിലാക്കിയ ഗതാഗത പരിഷ്ക്കരണത്തിന്റെ ഭാഗമായാണ് നിയമം ലംഘിച്ച് ഇരിട്ടി ടൗണിൽ പാതയോരത്ത് അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ നിയമം കർശനമാക്കാൻ പോലിസ് രംഗത്തെത്തിയത്.
ഇതിന്റെ ഭാഗമായി ഓട്ടോറിക്ഷകൾക്ക് പാർക്കു ചെയ്യുന്നതിനായി ഇരിട്ടി മേലെ സ്റ്റാൻഡിൽ ഒരുക്കിയ സ്ഥലത്ത് ഗതാഗതനിയമം ലംഘിച്ച് അനധികൃതമായി ഇരിട്ടി ടൗണിൽ പാർക്ക് ചെയ്ത ഇരുചക്ര വാഹനങ്ങൾ പോലീസ് ചങ്ങല പൂട്ടിട്ട് കുരുക്കി.
ഉടമകൾ പോലീസ് സ്റ്റേഷനിലെത്തി പിഴയടച്ച ശേഷമാണ് ബൈക്കുകൾ വിട്ടുകൊടുത്തത് ഇരിട്ടി പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലാണ് നിയമ ലംഘകരായ വാഹനയുടമകളെ പൂട്ടാൻ ചങ്ങല പൂട്ടുമായി രംഗത്തിറങ്ങിയത്.
സ്വകാര്യ വാഹനങ്ങൾക്ക് അനുവദിച്ച സ്ഥലത്തല്ലാതെ മറ്റിടങ്ങളിൽ പാർക്കു ചെയ്യുന്ന വാഹനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് ഇരിട്ടി എസ്ഐ ദിനേശൻ കെതേരി അറിയിച്ചു.