കണ്ണൂർ: കണ്ണിന് കുളിർമയേകി വിവിധ വർണ പൂക്കളുമായി നിറഞ്ഞ കണ്ണൂർ പുഷ്പോത്സവത്തിന് വൻ ജനത്തിരക്ക്. കണ്ണൂർ ജില്ല അഗ്രി-ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പോലീസ് മൈതാനിയിൽ നടക്കുന്ന മേളയിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻ നിര ദൃശ്യമാകുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഇതര സ്ഥലങ്ങളിൽ നിന്നുമുള്ള നഴ്സറി സ്ഥാപനങ്ങൾ ഒരുക്കുന്ന സ്റ്റാളുകളിൽ വൈവിധ്യമാർന്നതും ആകർഷണീയവുമായ അനേകം ചെടികളും പച്ചക്കറി-ഫല വൃക്ഷ തൈകളും മറ്റ് നടീൽ വസ്തുക്കളും ഔഷധ സസ്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വിവിധയിനം റോസാ പുഷ്പങ്ങൾ, ഡാലിയ, ജമന്തി തുടങ്ങി വിവിധ രൂപത്തിലും വർണങ്ങളിലുമുള്ള മനോഹര പുഷ്പങ്ങൾ ഇവിടെ കാണാം.
കൂടാതെ ഫലവർഗങ്ങളുടെയും പച്ചക്കറിയുടെയും തൈകൾ, ജൈവവളം, ജൈവ കീടനാശിനികൾ, പൂച്ചട്ടികൾ, മൺപാത്രങ്ങൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഉപഭോക്തൃ ഉത്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളും നഗരിയിലുണ്ട്. സർക്കാർ, അർധ സർക്കാർ, പൊതുമേഖോ സ്ഥാപനങ്ങൾ, ഇതര സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ പവലിയനുകളും ഉണ്ട്.
പന്ത്രണ്ടായിരത്തിലേറെ ചതുരശ്ര അടി വിസ്തീർണ്ണത്തിൽ തയാറാക്കിയ ഉദ്യാനം, പുഷ്പം കൊണ്ട് അലങ്കരിച്ച പത്തടി വലിപ്പമുള്ള സ്തൂപം എന്നിവ പ്രദർശന നഗരിയിലെ മുഖ്യ ആകർഷണീയമാണ്. വിവിധ മത്സരങ്ങൾ, സെമിനാറുകൾ, കലാ സാംസ്കാരിക പരിപാടികൾ എന്നിവയും പുഷ്പോത്സവത്തിന്റെ ഭാഗമായുണ്ടാകും.
ഇന്ന് വൈകുന്നേരം 6.30 ന് ആനന്ദ നടനം ഉണ്ടായിരിക്കും. നാളെ വൈകുന്നേരം 6.30 ന് നൃത്തസന്ധ്യയും, 27 ന് വൈകുന്നേരം പുല്ലാങ്കുഴൽ സംഗീതികയും അരങ്ങേറും. മറ്റു ദിവസങ്ങളിലും വൈകുന്നേരം വിവിധ കലാപരിപാടികൾ ഉണ്ടാകും.
സമാപന സമ്മേളനം ഫെബ്രുവരി മൂന്നിന് വൈകുന്നേരം ആറിന് ഉത്തരമേഖലാ ഡിഐജി കെ. സേതുരാമൻ ഉദ്ഘാടനം ചെയ്യും.