തളിപ്പറമ്പ്: ആലോചനാ യോഗങ്ങളും നിവേദനം നല്‍കലും, പരസ്പരം പഴിചാരലുമല്ല ഇടപെടലാണ് വേണ്ടതെന്ന് തെളിയിച്ച് മുസ്ലിം യൂത്ത്ലീഗ് വൈറ്റ്ഗാര്‍ഡുകള്‍. പൊട്ടിത്തകര്‍ന്ന് യാത്ര ദുഷ്കരമായ തളിപ്പറമ്പ് കപ്പാലം-ചിറവക്ക് റോഡില്‍ ശ്രമദാനമായി അറ്റകുറ്റപ്പണി നടത്തി മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരും എസ്ടിയു ഓട്ടോത്തൊഴിലാളികളും മാതൃകയായി. നേരത്തെ പൊട്ടിത്തകര്‍ന്ന റോഡ് വികസന പ്രവൃത്തികള്‍ പകുതിയിലധികം നടന്നിരുന്നു. അതിനിടെ ചില സ്ഥാപന ഉടമകള്‍ റോഡ് വികസനത്തിനായി മുറി ഒഴിഞ്ഞു കൊടുക്കാന്‍ തയാറായിരുന്നില്ല.
അവര്‍ കോടതിയെ സമീപിച്ചതോടെ റോഡ് വികസനം പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. പിന്നാലെ മഴ എത്തിയതോടെ ചിറവക്ക്-കപ്പാലം റോഡ് പൂര്‍ണ്ണമായും ചെളിക്കുളമായി. ഇതേ തുടര്‍ന്ന് എസ്ടിയു ഓട്ടോഡ്രൈവേര്സ് യൂണിയന് നേതൃത്വത്തില്‍ തൊഴിലാളികള്‍ രണ്ടുഘട്ടങ്ങളിലായി അവിടെ കല്ലും മണ്ണും ഇട്ട് കുഴി നികത്തിയിരുന്നു.
എന്നാല്‍, മഴ കനത്തതോടെ സ്ഥിതി കൂടുതല്‍ വഷളായി. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ എസ്ടിയു പ്രവര്‍ത്തകര്‍ പിഡബ്ല്യുഡി അധികൃതരോട് അടിയന്തിര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. മഴ മാറിയ ഉടനെ റോഡ് പ്രവൃത്തി പുനരാരംഭിക്കാമെന്ന് പിഡബ്ല്യുഡി അധികൃതര്‍ അവര്‍ക്ക് ഉറപ്പും നല്‍കിയിരുന്നു.
എന്നാല്‍ മഴ നിലക്കാത്തതിനാല്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാവുകയും ചെയ്തു. അതോടെയാണ് മൂന്നാം ഘട്ടമായി ശ്രമദാനമെന്ന നിലയില്‍ റോഡ് നന്നാക്കാനായി ഇന്നലെ മുസ് യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരും എസ്ടിയു ഓട്ടോ തൊഴിലാളികളും രംഗത്ത് വന്നത്. മോട്ടോര്‍ ഉപയോഗിച്ച് ഇവര്‍ റോഡിലെ കുഴികളിലെ ചെളിവെള്ളം മുഴുവന്‍ വറ്റിച്ചു. തുടര്‍ന്ന് ചെങ്കല്ല് പാകി മണ്ണിട്ട് കുഴി നികത്തി. തുടര്‍ന്ന് ജെസിബി കൊണ്ടുവന്ന് എം സാന്‍ഡ് ജില്ലി റോഡ് മുഴുവന്‍ നിരപ്പാക്കി.
രാത്രി വൈകിയും ഇവര്‍ സേവന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ചിറവക്ക് – കപ്പാലം റോഡ് പൂര്‍ണമായും ഗതാഗത യോഗ്യമാക്കി. മുസ്ലിംലീഗ് നേതാക്കളായ പി.സി.നസീര്‍, ഓലിയന്‍ ജാഫര്‍, സി.മുഹമ്മദ്സിറാജ്, വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരായ സി.പി.നൗഫല്‍, അനസ് മുയ്യം എസ്ടിയു ഓട്ടോ ഡ്രൈവേര്‍സ് യൂണിയന് നേതാക്കളായ കെ.പി.മുഹമ്മദ് റാഫി, ഫാരിസ് തങ്ങള്‍, കുഞ്ഞഹമ്മദ്, കെ.എസ്.ഹിളര്‍ നേതൃത്വം നല്കി.