മട്ടന്നൂർ:30 വർഷത്തോളമായി രാവിലെയും വൈകുന്നേരവുമായി നിർമലഗിരിയിൽ നിന്ന് മട്ടന്നൂരിലേക്കും തിരിച്ചും സ്ഥിരമായി ഞാൻ യാത്ര ചെയ്യുന്ന റോഡാണിത്.
ഇത്ര അസഹനീയമായ രീതിയിൽ താറുമാറായി കിടക്കുന്ന തലശേരി – വളവുപാറ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്. പ്രവൃത്തി ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും എങ്ങുമെത്താത്ത അവസ്ഥയാണ്. റോഡിന് സ്ഥലം ഏറ്റെടുക്കുമ്പോൾ നല്ലയൊരു റോഡാണ് സ്വപ്നം കണ്ടത്.
വളവുകൾ ഇല്ലാതാക്കിയും കയറ്റിറക്കങ്ങൾ ഒരു പരിധി വരെ കുറച്ചും പ്രവൃത്തി നടത്തുമെന്നുമായിരുന്നു കേട്ടറിഞ്ഞിരുന്നത്. ഇതൊന്നും കാര്യമായി നടന്നില്ലെന്ന് ആർക്കും മനസിലാകും. മാസങ്ങളായി പൊതു ജനത്തെ ബുദ്ധിമുട്ടിപ്പിക്കുകയാണ്. പല സ്ഥലങ്ങളിലും വളവുകൾ കൂടുതൽ ദുർഘടമായതു പോലെയാണ്.
മെരുവമ്പായിലും മറ്റും പഴയ പാലത്തിന് വീതി അൽപം കുറവായിരുന്നുവെങ്കിലും കോടികൾ മുടക്കി പണിത ഇപ്പോഴത്തെ പാലത്തിൽ ഇരു ഭാഗത്തും നടപ്പാതയും വന്നപ്പോൾ ഈ കഷ്ടപാടിനും കോടികളുടെ മുടക്കിനും മാത്രം വീതിയും മേൻമയും ഉണ്ടായതായി തോന്നുന്നില്ല. കൂത്തുപറമ്പിൽ നിന്നും മട്ടന്നൂർ ഭാഗത്തേക്ക് മെരുവമ്പായി പാലം കടന്നു വരുമ്പോൾ എത്രമാത്രം ഭീകരമായ വളവുകളെ അഭിമുഖീകരിക്കേണ്ടി വരുന്നെന്ന് വാഹനം ഓടിക്കുന്നവർക്കേ മനസിലാവും.
ഒരു ഗുരുതരമായ രോഗിയെ ഇരിട്ടിയിൽ നിന്നോ മട്ടന്നൂരിൽ നിന്നോ തലശേരിയിലേക്ക് റഫർ ചെയ്താൽ ഏത് അവസ്ഥയിൽ എത്തിപ്പെടുകയെന്ന് ചിന്തിക്കേണ്ടിരിക്കുന്നു. ഗർഭിണിയായ രോഗിയെ തലശേരിയിലേക്ക് വിട്ടാൽ വഴിക്കു വച്ചു പ്രസവിച്ചു കൂടാമെന്നില്ല. അത്രയ്ക്കും കഷ്ടമാണ് ഇന്നത്തെ റോഡിന്റെ അവസ്ഥ. ബന്ധപ്പെട്ട അധികാരികൾ ഈ ദയനീയവസ്ഥ കണ്ട് മനസിലാക്കി വേണ്ട രീതിയിൽ ഇടപ്പെട്ട് റോഡ് നിർമാണ പ്രവൃത്തി പൂർത്തീകരിക്കാൻ തയാറാകണം.