മട്ടന്നൂർ: കോടികൾ ചിലവിട്ട് നവീകരിക്കുന്ന മട്ടന്നൂർ – മണ്ണൂർ റോഡിന്റെ സംരക്ഷണ ഭിത്തിയും മെക്കാഡം റോഡും തകർന്നു. ഹരിപ്പന്നൂർ ചകിരി കമ്പിനിക്ക് സമീപത്താണ് 50 മീറ്ററോളം നീളത്തിൽ ഭിത്തിയും റോഡും തകർന്നത്. നിർമാണത്തിലെ അഴിമതിയാണെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നാല് മാസം മുമ്പ് മെക്കാഡം ടാറിംഗ് പ്രവൃത്തി പൂർത്തീകരിച്ച ഭാഗമാണ് തകർന്നത്.
മൂന്ന് മീറ്റർ ഉയരത്തിൽ നിർമിച്ച കോൺക്രീറ്റ് ഭിത്തിയാണ് 50 മീറ്ററോളം നീളത്തിൽ തകർന്നു നിലം പതിച്ചത്. കഴിഞ്ഞ ദിവസം മെക്കാഡം റോഡിന്റെ മധ്യത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടിരുന്നു. നാട്ടുകാർ പൊതുമരാമത്ത് അധികൃതരെയും കരാറുകാരനെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് പുലർച്ചെ റോഡും ഭിത്തിയും തകർന്നത്. നിരവധി ബസുകൾ അടക്കം ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡാണ് തകർന്നത്.
പത്ത് ദിവസം മുമ്പ് ഇതേ റോഡിൽ നായിക്കാലി പാലത്തിനു സമീപം നിർമിച്ച കൂറ്റൻ കോൺക്രീറ്റ് ഭിത്തി ചെരിഞ്ഞിരുന്നു. ഭിത്തിയിൽ വിള്ളൽ വീണു തോട്ടിലേക്ക് ചെരിഞ്ഞ നിലയിലായത്. അഞ്ച് മീറ്റർ ഉയരത്തിൽ നിർമിച്ച സംരക്ഷണ ഭിത്തി പത്ത് മീറ്ററോളം നീളത്തിലാണ് തോട്ടിലേക്ക് പതിക്കാവുന്ന വിധത്തിലായത്. നിർമാണത്തിലെ അഴിമതിയാണ് റോഡും ഭിത്തിയും തകരാനിടയായതെന്നും കോൺക്രീറ്റ് ഭിത്തി നിർമിക്കുമ്പോൾ കമ്പി ഉപയോഗിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു. ഇതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും നാട്ടുകാർ പറഞ്ഞു.
കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതിനാൽ യാത്ര സുഗമമാക്കുന്നതിനാണ് 25 കോടിയോളം രൂപ ചിലവിട്ട് മട്ടന്നൂർ – മണ്ണൂർ റോഡ് നവീകരിക്കുന്നതിന് സർക്കാർ ടെൻഡർ നൽകിയത്. ടെൻഡർ ഏറ്റെടുത്ത ഇരിക്കൂറിലെ കരാർ കമ്പനി കഴിഞ്ഞ വർഷം നിർമാണ പ്രവൃത്തി ആരംഭിച്ചിരുന്നുവെങ്കിലും പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണെന്ന പരാതി ഉയരുമ്പോഴാണ് കൂറ്റൻ സംരക്ഷണ ഭിത്തികളും റോഡും തകർന്നത്. റോഡ് തകർന്നതോടെ വാഹനങ്ങൾ കടന്നു പോകാൻ പ്രയാസപ്പെടുകയാണ്.