കണ്ണൂർ: മഴ പെയ്താൽ ഈ കെട്ടിടത്തിലെ വ്യാപാരികൾക്ക് ആശങ്കയാണ്. കടമുറികളിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിൽ ചിലപ്പോൾ വൈദ്യുതി ഉണ്ടാകാം. ജീവൻ തന്നെ അപായപ്പെടുത്തിയേക്കാം. കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്തെ ഫ്രൂട്ട് മാർക്കറ്റ് കോംപ്ലക്സ് എന്ന കോർപറേഷന്റെ വാടക കെട്ടിടത്തിലാണ് വ്യാപാരികൾ ദുരിതത്തിലായിരിക്കുന്നത്.
ഗോവണിയുടെ ഇടവഴിയിലെ മുകളിലുള്ള ഷീറ്റ് പൊട്ടിയതിനാൽ മഴവെള്ളം കടമുറികളിലേക്ക് ഒലിച്ചിറങ്ങുകയാണ്. കോംപ്ലക്സിലെ വൈദ്യുതി മീറ്റർ ബോക്സിലേക്കും മെയിൻ സ്വിച്ചുകളിലേക്കും വെള്ളമിറങ്ങുന്നത് അപകടകരമായ അവസ്ഥയാണ്.
വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിച്ചാൽ കാത്തിരിക്കുന്നത് വൻ ദുരന്തം ആയിരിക്കും. ഷീറ്റ് മാറ്റി സ്ഥാപിച്ചാൽ മാത്രമേ ചോർച്ച തടയാൻ പറ്റൂ. നാലുവർഷം മുന്പ് വ്യാപാരികൾ തന്നെ പണം മുടക്കിയാണ് ഷീറ്റ് മാറ്റിയത്. വാടകയിനത്തിൽ മൂന്നുലക്ഷത്തോളം രൂപ വരുമാനമുണ്ട് കോർപറേഷന് ഈ കെട്ടിടങ്ങളിൽ നിന്ന്. അന്പതോളം കടമുറികളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
എന്നാൽ, ചോർച്ചയടക്കുവാനുള്ള നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. കൂടാതെ, ഈ കെട്ടിടത്തിൽ വെള്ളം ലഭിക്കാനുള്ള സൗകര്യവും ലഭ്യമല്ലെന്ന് വ്യാപാരികൾ പറയുന്നു. പതിനായിരം ലിറ്ററിന്റെ ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിൽ വെള്ളമില്ല. വ്യാപാരികൾ പണം മുടക്കിയാണ് ദൈനംദിന ആവശ്യങ്ങൾക്കായി വെള്ളം വാങ്ങുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കോർപറേഷന് നിവേദനം നൽകിയിട്ടുണ്ട്.