കണ്ണൂർ: കുരുക്കിൽ മുറുകി ജനവും വാഹനങ്ങളും. കണ്ണൂർ -തലശേരി ദേശീയപാതയിലെ താഴെ ചൊവ്വയിലാണ് റോഡ് മുറിച്ചു കടക്കാൻ ഒരു സീബ്രാലൈൻ പോലുമില്ലാതെ ജനവും ഗതാഗത ക്കുരുക്കിൽ യാത്രികരും പൊറുതി മുട്ടുന്നത്. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളും സ്ത്രീകളും കുട്ടികളുമടക്കം നിരവധി ജനങ്ങളും വന്നെത്തുന്ന പ്രധാന ബസ് സ്റ്റോപ്പുകളുള്ള പഴയ കൃഷ്ണ ടാക്കീസിനു സമീപത്തെ താഴെചൊവ്വ ബസാറിലാണ് ഈ ദുരിതം.
കണ്ണൂർ എസ്എൻ കോളജ്, പോളിടെക്നിക്, ഐടിഐ തുടങ്ങി പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിരവധി ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് പോകാനുള്ള സുപ്രധാന പാത കൂടിയാണിത്. പ്രധാനമായു രാവിലേയും വൈകുന്നേരങ്ങളിലുമാണ് ഇവിടെ രൂക്ഷമായ ഗതാഗതക്കുരുക്ക്. ആകെ ഉണ്ടായിരുന്ന സീബ്രാലൈനും മാഞ്ഞുപോയതോടെ ജീവൻ പണയം വച്ചാണ് പലരും റോഡ് മുറിച്ചു കടക്കുന്നത്.
റോഡിന്റെ മധ്യഭാഗത്ത് ഡിവൈഡറുകൾ ഇല്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഏതു ഭാഗത്തുനിന്ന് എന്തു വാഹനമാണ് ചീറിപാഞ്ഞുവരിക എന്ന് പ്രവചിക്കാൻ പോലും സാധ്യമല്ല. റെയിയിൽവേ ഗേറ്റ് തുറന്ന സമയം കൂടിയാണെങ്കിൽ വാഹനങ്ങളുടെ പോക്ക് പറയാതിരിക്കുന്നതാണ് നല്ലത്. ഇതിനിടയിൽ വേണം കൈക്കുഞ്ഞുങ്ങളുമായി വരെ റോഡ് മുറിച്ചു കടക്കാൻ.
കണ്ണൂർ കോർപറേഷൻ പരിധിയിലെ പ്രധാന വ്യാപാര കേന്ദ്രം കൂടിയായതിനാൽ സാധനങ്ങൾ വാങ്ങാനും മറ്റും നിരവധി പേരാണ് താഴെചൊവ്വയിൽ എത്തുന്നത്. ട്രാഫിക് പോലീസ് ഇല്ലാത്ത ഇവിടെ റോഡ് മുറിച്ചു കടക്കാൻ സാധിക്കാത്ത ഇവിടെ ഡിവൈഡറും മുറിച്ചു കടക്കാൻ വ്യക്തമായ ഒരു സീബ്രാ ലൈനും ഒരുക്കണമെന്നാണ് വ്യാപാരികളുടെയും തദ്ദേശവാസികളുടെയും ആവശ്യം.