എടക്കര/ഗൂഡല്ലൂർ: കേരള-തമിഴ്നാട് വനങ്ങളിൽ അക്രമം വിതച്ച് നടന്ന കൊലയാളി കൊന്പനെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടി.
പന്തല്ലൂർ ടാൻ ടീ എസ്റ്റേറ്റ് ടെൻത്ത് ലൈനിൽ വച്ചാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ കൊലയാളി കൊന്പനെ പിടികൂടിയത്.
ആറ് കുംകിയാനകളുടെ സഹായത്തോടെ കൊന്പനെ കുരുക്കിലാക്കി. ചേരന്പാടി എസിഎഫിന്റെ നേതൃത്വത്തിലുള്ള വനപാലകർ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊലയാളി കൊന്പനെ പിടികൂടാനുള്ള തീവ്രശ്രമത്തിലായിരുന്നു.
വ്യാഴാഴ്ച ഈ ഭാഗത്ത് വച്ച് മയക്കുവെടി വച്ചെങ്കിലും മറ്റ് രണ്ട് പിടിയാനകൾക്കൊപ്പം കൊന്പൻ രക്ഷപെടുകയായിരുന്നു.
തമിഴ്നാട് വനംവകുപ്പ് സംഘവും തമിഴ്നാട് ദൗത്യസേനയുമാണ് ആനയെ തേടിവന്നത്. അൻപത് പേരടങ്ങിയ സംഘവും ആറു താപ്പാനകളും മനോഹരൻ, സുകുമാരൻ, രാജേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘവും ഉണ്ടായിരുന്നു.
തമിഴ്നാട് പന്തല്ലൂർ മേഖലകളിൽ പത്തോളം പേരെയാണ് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ശങ്കർ എന്ന് വിളിപ്പേരുള്ള ഈ ഒറ്റയാൻ കൊലപ്പെടുത്തിയിട്ടുള്ളത്.
ചേരന്പാടി റേഞ്ച് പരിധിയിൽ മൂന്നുപേരെ കൊലപ്പെടുത്തിയതിനു ശേഷം വനത്തിലേക്ക് കടന്ന കൊന്പനെ മയക്കുവെടി വച്ചങ്കെിലും രക്ഷപെട്ട് കേരള വനത്തിലേക്ക് കടക്കുകയായിരുന്നു.
ചേരന്പാടി ചപ്പൻതോടിൽ നാഗമുത്തുവെന്ന വയോധികനെയും ഡിസംബർ പതിമൂന്നിന് ഗൂഡല്ലൂർ പഞ്ചായത്ത് യൂണിയൻ കൗണ്സിലറായിരുന്ന പന്തല്ലൂർ പുഞ്ചക്കൊല്ലി ആനപ്പള്ളം ആനന്ദ് രാജ് എന്ന കണ്ണൻ(49), മകൻ പ്രശാന്ത്(20) എന്നിവരെയും കൊലപ്പെടുത്തിയ ശേഷം ഡിസംബർ പതിനെട്ടിന് മുണ്ടേരി വനത്തിലെത്തിയ കൊന്പൻ മേഖലയിൽ വ്യാപക അക്രമമഴിച്ചു വിട്ടിരുന്നു.
കേരള തമിഴ്നാട് വനം സംയുക്ത സേനകൾ കൊന്പനായി തിരച്ചിൽ നടത്തിയെങ്കിലും മയക്കുവെടി വയ്ക്കാനുള്ള സാഹചര്യം നിലന്പൂർ കാടുകളിൽ ഉണ്ടായിരുന്നില്ല.
ജനുവരി അവസാനത്തോടെ കൊന്പൻ വീണ്ടും തമിഴ്നാട് വനഖേലയിലേക്ക് ചേക്കേറുകയായിരുന്നു. തികഞ്ഞ ആരോഗ്യവാനും അപകടകാരിയുമായ ഈ കൊന്പൻ മനുഷ്യഗന്ധം പിൻതുടർന്ന് ആക്രമിക്കുന്ന സ്വഭാവമുള്ളതായിരുന്നു.
ഇക്കാരണത്താൽ തമിഴ്നാട് വനം വകുപ്പ് കഴിഞ്ഞ അഞ്ച് വർഷമായി ഈ ആനയെ നിരീക്ഷിച്ച് വരികയായിരുന്നു. മെഡിക്കൽ സംഘം മരത്തിനു മുകളിൽ കയറി രണ്ടു പ്രാവശ്യം മയക്കു വെടിവച്ചാണ് ആനയെ തളച്ചത്.
ശേഷം താപ്പാനകളുടെ സഹായത്തോടെ കയർ ഉപയോഗിച്ച് ആനയെ ലോറിയിൽ കയറ്റി മുതുമലയിലെത്തിക്കുകയായിരുന്നു.
രാത്രി ഏറെ വൈകി ആനയെ മുതുമല വന്യജീവി സങ്കേതത്തിലെ കാർക്കുടി അഭയാറണിയിൽ തയ്യാറാക്കിയ മരക്കൂട്ടിലാക്കി.