ലോസ് ആഞ്ചലസ്: അമേരിക്കൻ ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയൻറ്(41) ഹെലികോപ്റ്റർ തകർന്നു മരിച്ചു. കലിഫോർണിയയിൽ പ്രദേശിക സമയം ഞായറാഴ്ച രാവിലെ പത്തിനാണ് അപകടം ഉണ്ടായത്. ബ്രയൻറും മകൾ ജിയാനയും ഉൾപ്പെടെ കോപ്റ്ററിലുണ്ടായിരുന്ന ഒന്പതു പേരും അപകടത്തിൽ മരിച്ചു.
മകൾ ജിയാനയെ ബാസ്കറ്റ് പരിശീലനത്തിന് കൊണ്ടുപോകും വഴിയാണ് അപകടം ഉണ്ടായത്. കോബി ബ്രയാന്റിന്റെയും മകളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഓറഞ്ച് കോസ്റ്റ് കോളജിലെ ബാസ്കറ്റ് ബോൾ കോച്ച് ജോണ് ആൾട്ടോബെല്ലി, ഭാര്യ കെറി, മകൾ അലിസ എന്നിവരും പൈലറ്റും മരിച്ചവരിൽ ഉൾപ്പെടുന്നു. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.
കോബിന്റെ സ്വകാര്യ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അപകടവിവരം അറിഞ്ഞതിന് പിന്നാലെ രക്ഷാപ്രവർത്തകർ സ്ഥലത്ത് പാഞ്ഞെത്തിയെങ്കിലും ആരെയും ജീവനോടെ രക്ഷപ്പെടുത്താൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.
ലാസ് വിർജെനെസിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റർ കലബസാസ് മേഖലയിൽ തകർന്നു വീഴുകയായിരുന്നു. അപകടശേഷം ഹെലികോപ്റ്ററിന് തീപിടിച്ചത് ദുരന്തത്തിന്റെ ആഴംകൂട്ടി. അപകടത്തിൽ മരിച്ച മറ്റുള്ളവരുടെ പേരു വിവരങ്ങൾ പുറത്തുവന്നിട്ടില്ല.രണ്ടു പതിറ്റാണ്ടോളം എൻബിഎ ടീം ലോസ് ആഞ്ചലിസ് ലീക്കേഴ്സിന്റെ താരമായിരുന്നു ബ്രയൻറ്.
’ദ ബ്ലാക്ക് മാന്പ’ എന്ന വിഷപ്പാന്പിന്റെ പേരിലാണ് കോബി കോർട്ടിനുള്ളിനും പുറത്തും അറിയപ്പെടുന്നത്. അഞ്ച് തവണ ചാന്പ്യൻഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്. 2006ൽ ടോറന്റോ റാപ്ടോർസിനെതിരെ നേടിയ 81 പോയിൻറ് എൻബിഎ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണ്.
2008ൽ എൻബിഎയിലെ മോസ്റ്റ് വാല്യുബിൾ പ്ലേയർ പുരസ്കാരം ബ്രയൻറ് നേടി. രണ്ടു തവണ എൻബിഎ സ്കോറിംഗ് ചാന്പ്യനുമായി 2008ലും 2012ലും യുഎസ് ബാസ്കറ്റ് ബോൾ ടീമിനൊപ്പം രണ്ടു തവണ ഒളിന്പിക് സ്വർണവും സ്വന്തമാക്കി. 2016 ഏപ്രിലിലാണ് അദ്ദേഹം വിരമിച്ചത്.
2018ൽ ’ഡിയർ ബാസ്കറ്റ് ബോൾ’ എന്ന അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിലൂടെ മികച്ച ഹ്രസ്വ അനിമേഷൻ ചിത്രത്തിനുള്ള ഓസ്കർ അവാർഡും ബ്രയൻറ് സ്വന്തമാക്കിയിട്ടുണ്ട്.