ജെയിസ് വാട്ടപ്പിള്ളിൽ

തൊടുപുഴ: കോൽക്കത്തയിലെ ചേരിനിവാസികൾക്കു സ്നേഹാമൃതം പകർന്നു നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിച്ചുയർത്താൻ ജീവിതം ഉഴിഞ്ഞുവച്ച സലേഷ്യൻ സഭാംഗമായ ഫാ. എ.സി. ജോസഫ് (ഡോ. എ.സി. ജോസ്) അയ്മനത്തിൽ(73) ഇനി ദീപ്തസ്മരണ.
രാജ്യത്ത് സന്പൂർണ ലോക്ക്ഡൗണിനെത്തുടർന്നു നാടും നഗരവും നിശ്ചലമായപ്പോഴും പ്രായത്തെ മറന്നു കോൽക്കത്തയിലെ വിവിധ ചേരികളിലെ കുട്ടികളുടെ വിശപ്പകറ്റുന്നതിനു ഭക്ഷ്യവസ്തുക്കൾ എത്തിച്ചുനൽകാൻ കഴിഞ്ഞ മൂന്നുമാസമായി രാപകൽ ഭേദമന്യേ മുന്നിൽനിന്നു പ്രവർത്തിച്ചുവരികയായിരുന്ന ഇദ്ദേഹം കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കൊൽക്കത്തയിലെ ഫോർട്ടിസ് ആശുപത്രിയിൽ കോവിഡ് രോഗ ത്തിനു കീഴടങ്ങിയത്.
പ്രോസ്റ്റേറ്റ് സംബന്ധമായ അസുഖത്തെത്തുടർന്നു ചികിത്സ തേടിയെത്തിയ ഇദ്ദേഹത്തിന് അവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 30 വർഷമായി കോൽക്കത്തയിലെ ചേരിനിവാസികളുടെ ഉന്നമനത്തിനായി അവരോടൊപ്പം ജീവിച്ച മിഷനറിയായിരുന്നു എല്ലാവരും സ്നേഹപൂർവം ഡോ. എ.സി. എന്നുവിളിക്കുന്ന ഫാ. ജോസഫ്. പാവങ്ങളുടെ അമ്മയായ വിശുദ്ധ മദർ തെരേസയുടെ അതേ കർമപാതയിൽ തന്നെയായിരുന്നു ഇദ്ദേഹത്തിന്റെയും പ്രവർത്തനങ്ങളെന്നു സലേഷ്യൻ സഭാംഗവും ബന്ധുവുമായ ഫാ. നോബി ജോർജ് കണിയാരകത്ത് ദീപികയോടു പറഞ്ഞു.
ചേരിയിലുള്ളവർക്കു പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനു പ്രൊവിൻഷൽ ഹൗസിനോടനുബന്ധിച്ച് നൈറ്റ് സ്കൂൾ ആരംഭിച്ചതും അവരോടുള്ള അച്ചന്റെ കരുതലിന്റെ പ്രതീകമാണ്.
ഇവിടെ കുട്ടികൾക്കും മുതിർന്നവർക്കും സൗജന്യ വിദ്യാഭ്യാസം നൽകി. ഒട്ടിയ വയറുമായി ഇവിടെയെത്തുന്നവർക്ക് ആദ്യം ഭക്ഷണം നൽകുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ രീതി.
വർഷങ്ങൾക്കു മുന്പ് ആരംഭിച്ച സ്കൂളിൽ ഇപ്പോഴും നിരവധി കുട്ടികൾ പഠിക്കുന്നുണ്ട്. 1977 ഡിസംബറിൽ വൈദികപട്ടം സ്വീകരിച്ച ഫാ. ജോസഫ് 1989ൽ റോമിലെ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽനിന്നു കാനൻനിയമത്തിൽ ഡോക്ടറേറ്റ് നേടി.
എന്നും സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരോടൊപ്പം പ്രത്യേകിച്ച് കോൽക്കത്തയിലെ ചേരികളിലെ നിർധനരുടെ ഉന്നമനത്തിനായി ജീവിക്കാനാണ് ആഗ്രഹിച്ചത്. തൊടുപുഴയ്ക്കു സമീപം പന്നിമറ്റത്തുള്ള കുടുംബവീട്ടിൽ വല്ലപ്പോഴും മാത്രമാണ് എത്തിയിരുന്നത്.
കോൽക്കത്ത അതിരൂപത ട്രിബ്യൂണൽ അംഗമായും കോൽക്കത്ത കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ സെന്റർ (സിസിസിആർഎസ്) ഡയറക്ടറായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കോതമംഗലം രൂപതയിലെ പന്നിമറ്റം ഇടവക അയ്മനത്തിൽ പരേതരായ ചാക്കോ-മറിയം ദന്പതികളുടെ മകനാണ്.