കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റില്‍നിന്നു കോടിക്കണക്കിനു രൂപയുടെ മാരക മയക്കുമരുന്നു പിടികൂടിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തശേഷം എക്സൈസ് ജില്ലാ സ്പെഷല്‍ സ്ക്വാഡ് വിട്ടയച്ച യുവതിയെ എക്സൈസ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു.
തിരുവല്ല സ്വദേശി ത്വയ്ബ ഔലാദ് (24) ആണ് അറസ്റ്റിലായത്.
വിശദമായ ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കേസ് അട്ടിമറിക്കാന്‍ എക്സൈസ് ശ്രമിച്ചുവെന്ന ആരോപണം ഇതോടെ ശരിയാവുകയാണ്.
ത്വയ്ബയ്ക്കൊപ്പം മറ്റൊരു യുവാവിനെയും കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചിരുന്നു. ഇയാളെ നിരീക്ഷിച്ചുവരികയാണ്. മയക്കുമരുന്ന് പിടികൂടിയ സമയത്ത് മറ്റു പ്രതികള്‍ക്കൊപ്പം ഇവർ രണ്ടു പേരും ഉണ്ടായിരുന്നു.
ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. ത്വയ്ബ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.
ത്വയ്ബയുടെ നേതൃത്വത്തിലുള്ള സംഘമാണ് കാറില്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നിരുന്നതെന്നു സ്ഥിരീകരിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ, ഫ്ളാറ്റിൽ ആദ്യമായാണ് എത്തിയതെന്ന വാദം ത്വയ്ബ ഉയർത്തിയെങ്കിലും കേസിലെ മറ്റൊരു പ്രതിയായ ശബ്നയുടെ മൊഴിയിൽ ഈ വാദം പൊളിഞ്ഞു.
ത്വയ്ബയെ കേസില്‍നിന്ന് ഒഴിവാക്കിയതിനെ ശബ്ന ചോദ്യംചെയ്തിരുന്നു. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്നു മാസമായെന്ന് പ്രതികള്‍ സമ്മതിച്ചു.