ആലുവ: നവംബർ 8 തിങ്കൾ, ദേശീയപാതയിൽ എറണാകുളം ജില്ലാ അതിർത്തിയായ അങ്കമാലി കറുകുറ്റി.
സമയം രാവിലെ 7 മണി. എറണാകുളം റൂറൽ ജില്ലാ ആന്റി നാർക്കോട്ടിക്ക് സെപെൽ ആക്ഷൻ ഫോഴ്സ് ജാഗരൂഗരായി ദേശീയപാതയിൽ വിന്യസിച്ചിരിക്കുന്നു.
അതിർത്തി കടന്നെത്താൻ സാധ്യതയുള്ള വൻ ലഹരിശേഖരത്തെക്കുറിച്ചു ജില്ലാ പോലീസ് മേധാവി കെ. കാർത്തികിനു ലഭിച്ച രഹസ്യ സൂചനകളുടെ അടിസ്ഥാനത്തിലുള്ള ജാഗ്രതയിലായിരുന്നു പ്രത്യേക അന്വേഷണ സംഘം.
ഞങ്ങൾ ദന്പതികൾ!
സമയം 7.10. ജില്ലാ അതിർത്തി കടന്നെത്തിയ ഒരു ആഡംബര കാറിനു കറുകുറ്റിയിൽ പോലീസ് കൈകാണിക്കുന്നു. കാറിൽ ദമ്പതികളെന്നു തോന്നിക്കുന്ന രണ്ടു പേർ മാത്രം.
വാഹനം പരിശോധിക്കണമെന്നു പോലീസ് ആവശ്യപ്പെടുന്നു. എന്തിനെന്ന വാദവുമായി ദമ്പതികൾ എതിർത്തു. വാക്കുതർക്കത്തിനിടയിൽ ബലം പ്രയോഗിച്ച പോലീസിനുനേരേ ദമ്പതികളുടെ ആക്രമണശ്രമം.
ഒടുവിൽ ഇവരെ കീഴടക്കി വാഹനം പരിശോധിച്ച പോലീസ് ഞെട്ടി. രണ്ടു കിലോയുടെ പ്രത്യേകം പാക്കറ്റുകളിലാക്കി ഡിക്കിയിലും സീറ്റുകൾക്കിടയിലുമായി കാറു നിറയെ കഞ്ചാവ്.
ഒടുവിൽ ദമ്പതികളായ കാലടി ഒക്കൽ പടിപ്പുരയ്ക്കൽ ഫൈസൽ, തിരുവനന്തപുരം ശംഖുമുഖം പുതുവൽ പുത്തൻ വീട്ടിൽ വർഷ എന്നിവർ പിടിയിലായി.
പിറകെ വന്ന കാർ
ഇതേസമയം, കറുകുറ്റിയിലെ പ്രവേശന കവാടം പിന്നിട്ട മറ്റൊരു വെള്ള ഇന്നോവ കാർ എന്തോ അപകടം മണത്തതുപോലെ ദേശീയപാതയിൽ വട്ടം തിരിക്കുന്നു.
ചാലക്കുടി മുതൽ ഈ കാറിനെ പിന്തുടരുന്ന പോലീസ് സാഹസികമായി അതിനെ തടയുന്നു. പരിശോധനയിൽ കാറിനുള്ളിൽ പ്രത്യേകം ഒളിപ്പിച്ച നിലയിൽ സമാനമായ വൻ കഞ്ചാവ് ശേഖരം. കാറിൽ സഞ്ചരിച്ചിരുന്ന പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ അനസ് അറസ്റ്റിലാകുന്നു.
ഓപ്പറേഷൻ സക്സസ്
തുടർന്നു നാടറിയുന്നതു റൂറൽ എസ്പി കെ.കാർത്തികിന്റെ നേതൃത്വത്തിൽ ദേശീയപാത അങ്കമാലി കറുകുറ്റിയിൽ നടന്ന 200 കിലോയോളമുള്ള വൻ കഞ്ചാവ് വേട്ടയുടെ വാർത്തയാണ്.
രണ്ടു കാറുകളിലായി ആന്ധ്രയിൽനിന്നു പെരുമ്പാവൂരിലേക്കു കൊണ്ടുപോവുകയായിരുന്ന കഞ്ചാവും ഒരു യുവതിയടക്കം മൂന്നു പ്രതികളുമാണ് പിടിയിലായത്.
വാഹന പരിശോധന നടത്തിയപ്പോൾ ടീമിനെ ആകമിച്ച് രക്ഷപ്പെടാൻ നടത്തിയ സംഘത്തിന്റെ ശ്രമം പ്രത്യേക പോലീസ് സംഘം സാഹസികമായി പരാജയപ്പെടുത്തുകയായിരുന്നു.
ആന്ധ്രയും അനസും
പിടിയിലായവരിൽ അനസായിരുന്നു സംഘത്തലവൻ. പെരുമ്പാവൂരിലെ കഞ്ചാവ് മാഫിയയിലെ പ്രധാനിയായ ഇയാൾ പോലീസിന്റെ ഗുണ്ടാലിസ്റ്റിലുള്ളയാളാണ്. ഇയാൾക്കെതിരേ നിരവധി കഞ്ചാവ് കേസുകൾ നിലവിലുണ്ട്.
ആന്ധ്രയിൽനിന്നു രണ്ടായിരം രൂപ മുതൽ മൂവായിരം രൂപവരെ കൊടുത്തു വാങ്ങുന്ന കഞ്ചാവ് ഈ സംഘം പെരുമ്പാവൂർ കേന്ദ്രമാക്കി വില്പന നടത്തിയിരുന്നത് ഇരുപതിനായിരം മുതൽ ഇരുപത്തയ്യായിരം രൂപയ്ക്ക് വരെയാണ്. ഒരു മാസത്തിലേറെയായി അനസും സംഘവും റൂറൽ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
പഡേരു ഗ്രാമത്തിൽനിന്ന്
ആന്ധ്രയിലെ ഒറീസ, ജാർഖണ്ഡ് അതിർത്തിയായ പഡേരു ഗ്രാമത്തിൽനിന്നാണ് സംഘം കഞ്ചാവ് കൊണ്ടുവന്നിരുന്നത്. മാവോയിസ്റ്റ് സ്വാധീനമുള്ള ഈ മേഖലകളിൽനിന്നായിരുന്നു പല സംസ്ഥാനങ്ങളിലേക്കും കഞ്ചാവിന്റെ വിതരണം.
കേരള രജിസ്ട്രേഷനിലുള്ള വാഹനങ്ങൾ പഡേരു ഗ്രാമത്തിലെത്തിയാൽ മലയാളികൾ ഉൾപ്പടെയുള്ള ഏജന്റുമാർ സമീപിച്ചു കഞ്ചാവിന്റെ സാമ്പിൾ നൽകി വിലയുറപ്പിക്കുന്നതാണ് പതിവ്.
2020 മുതൽ അനസ് ഈ മേഖലയിലെ പ്രധാന ഏജന്റുമാരിലൊളായിരുന്നുവെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
കഞ്ചാവ് നിറച്ചു വാഹനം
ഇടനിലക്കാർ തന്നെ വാഹനം രഹസ്യ കേന്ദ്രങ്ങളിൽ കൊണ്ടുപോയി കഞ്ചാവ് നിറച്ച് വിതരണക്കാർക്കു തിരിച്ചേൽപ്പിക്കുകയാണ് പതിവ്.
കഴിഞ്ഞ ദിവസം പിടികൂടിയ അനസ് ഒന്നര വർഷമായി പഡേരുവിലേക്കു സ്ഥിരം സഞ്ചരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഫൈസലും യാത്രകളിൽ ഒപ്പമുണ്ടാകാറുണ്ട്.
പോലീസ് പരിശോധനകളിൽനിന്നു രക്ഷപ്പെടാനാണ് ഫൈസൽ ഈ യാത്രയിൽ ദമ്പതികളെന്നു തോന്നിപ്പിക്കാൻ വർഷയെ കൂടെ കൂട്ടിയത്.
ഇവർ പിടിക്കപ്പെട്ടാൽ രക്ഷപ്പെടാൻ വേണ്ടിയാണ് ഒരു കിലോമീറ്റർ വ്യത്യാസത്തിൽ അനസ് മറ്റൊരു കാറിൽ പിന്തുടർന്നത്.
എസ്പിയുടെ നേതൃത്വത്തിൽ നാര്‍കോടിക് സെല്‍ ഡിവൈഎസ്പി സക്കറിയ മാത്യു, ആലുവ ഡിവൈഎസ്പി പി.കെ. ശിവന്‍കുട്ടി, എസ്എച്ച്ഒമാരായ സോണി മത്തായി, കെ.ജെ. പീറ്റര്‍, പി.എം. ബൈജു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസ് തുടരന്വേഷണം നടത്തുന്നത്.
പിടിയിലായ പ്രതികളെ അങ്കമാലി ജെഎഫ്സിഎം കോടതി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്നു ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ദീപിക ഡോട്ട്കോമിനോടു പറഞ്ഞു.