അങ്ങനെ 2017 ലെ ഓണക്കാലവും പടിയിറങ്ങിക്കൊണ്ടിരിക്കുന്നു. ആരവങ്ങളും ആര്‍പ്പുവിളികളും അവസാന ഘട്ടത്തിലേയ്ക്ക് കടക്കുന്നു. മലയാളികള്‍ പൂക്കളമിട്ടു, കോടിയുടുത്തു, സദ്യയുണ്ടു, അങ്ങനെ ഈ ഓണക്കാലം പതിവുപോലെ ആഹ്ലാദപരമായി തന്നെ കൊണ്ടാടി…ഈ ഓണക്കാലത്ത് ചാനലുകളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും നിറഞ്ഞുനിന്ന ഒരു വാര്‍ത്തയുണ്ട്. ജനപ്രിയനായകന്‍ ദിലീപിന് ഇത്തവണ ഓണം ജയിലില്‍ എന്നത്. കാവ്യയുമായുള്ള ജീവിതം തുടങ്ങിയിട്ട് ആദ്യത്തെ ഓണം ഇരുവര്‍ക്കും ഒന്നിച്ചുണ്ണാന്‍ സാധിച്ചില്ലെന്നതും പലരും വാര്‍ത്തയാക്കിയിരുന്നു. സിനിമാരംഗത്തുനിന്ന് പ്രമുഖരടക്കം നിരവധിയാളുകള്‍ ദിലീപിനെ ജയിലില്‍ എത്തി സന്ദര്‍ശിക്കുകയും അദ്ദേഹത്തിന് ഓണക്കോടി വരെ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പറഞ്ഞ ആളുകളൊന്നും ശ്രദ്ധിക്കാതിരുന്ന ഒരു കാര്യമുണ്ട്. അക്രമത്തിനിരയായ നടിയ്ക്ക് ഈ ഓണക്കാലം എങ്ങനെയായിരുന്നു എന്നത്.
ആ പെണ്‍കുട്ടിയ്ക്ക് പൂക്കളമുണ്ടായിരുന്നില്ല, ഓണസദ്യയില്ല, ആശംസനേരാന്‍ കൂട്ടുകാരുമെത്തിയില്ല. അക്രമത്തിനിരയായ നടിക്ക് ഇത് ആഘോഷമില്ലാത്ത ഓണക്കാലമായിരുന്നു. 15 വര്‍ഷമായി അവര്‍ സിനിമാലോകത്തെത്തിയിട്ട്. ഇത്രയും നിറപ്പകിട്ടില്ലാത്ത ഓണം ഇതാദ്യമായിരുന്നു. അതേക്കുറിച്ച് അവര്‍ പറയുന്നതിങ്ങനെ…’ഓണനാളുകളില്‍ വീട്ടില്‍ അതിഥികള്‍ ആരുമെത്തിയില്ല. ഒപ്പം അമ്മയും ചേട്ടനും മാത്രം. സാധാരണപോലൊരു ദിവസമായിരുന്നു ഈ ഓണം എനിക്ക്. അച്ഛന്‍ ഉണ്ടായിരുന്ന ഓണക്കാലമാണ് ഈ ഓര്‍മയില്‍. ഇന്ന് എനിക്കൊപ്പം ആ ഓര്‍മകള്‍ മാത്രമാണ്. രണ്ടുമാസമായി ഫോണിലെ വാട്‌സ്ആപ്പ് ഒഴിവാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ സിനിമാലോകത്തെ സുഹൃത്തുക്കളുടെയും ആരാധകരുടെയും സന്ദേശവും കിട്ടിയില്ല’.
ചില ചിത്രങ്ങളില്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ടെങ്കിലും പുതിയ ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് നല്‍കിയിട്ടില്ല. ജനുവരിയിലാണ് വിവാഹം. വളരെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയുംമാത്രം പങ്കെടുപ്പിച്ചായിരിക്കും ചടങ്ങുകളെന്നും അവര്‍ പറഞ്ഞു. ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ പോയവരാരും ഒരുതവണ പോലും ആക്രമണത്തിനിരയായ നടിയെ സന്ദര്‍ശിക്കാനോ വിളിക്കാനോ തയാറാവാത്തവരാണെന്ന നടി സജിതാ മഠത്തിലിന്റെ പ്രസ്താവന ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.