നെടുന്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജീവനക്കാരന്റെ സഹായത്തോടെ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയ സംഭവത്തിൽ സ്വർണത്തിന്റെ ഉറവിടം തേടി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) വിഭാഗം. അന്വേഷണം ഉൗർജിതമാക്കിയ സംഘം കൂടുതൽപേരെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ പിടികൂടിയ രണ്ട് പേരെയും സാന്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഇന്ന് ഹാജരാക്കും.
ഇരുവരുടെയും പേരിൽ ജാമ്യമില്ലാ വകുപ്പുകളാണ് ചാർത്തിയിട്ടുള്ളതെന്നും ഡിആർഐ അധികൃതർ അറിയിച്ചു. മൂന്നു കിലോ സ്വർണം അനധികൃതമായി കടത്താൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് എത്തിയ മലപ്പുറം എളങ്കൂർ പറന്പൻ വീട്ടിൽ മുഹമ്മദ് അഷറഫ്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജൻസിയായ ബിഡബ്ല്യുഎഫ്എഫിലെ സൂപ്പർവൈസർ കരിയാട് സ്വദേശി പോൾ ജോസഫ് എന്നിവരാണ് പിടിയിലായത്.
ഇന്നലെ പുലർച്ചെ മൂന്നിന് കൊച്ചിയിലെത്തിയ ഇകെ 532 എമിറേറ്റ്സ് വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രക്കാരനായിരുന്നു മുഹമ്മദ് അഷറഫ്. വിമാനം ഇറങ്ങി ടി.3 ടെർമിനലിലെ ശുചിമുറിയിൽ വച്ച് സ്വർണം പോൾ ജോസിന് കൈമാറുന്നതിനിടെയാണ് പിടിയിലായത്. പോൾ ജോസഫ് മുഖേന കസ്റ്റംസ് പരിശോധനയില്ലാതെ സ്വർണം പുറത്തെത്തിക്കുകയായിരുന്നു കള്ളക്കടത്തുകാരുടെ ലക്ഷ്യം. വിവരം ചോർന്ന് കിട്ടിയ ഡിആർഐയും കസ്റ്റംസും നേരത്തെ മുതൽസ്ഥലത്ത് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ശുചിമുറിയിൽ വച്ച് സ്വർണം കൈമാറുന്പോൾ പിടികൂടാനായിരുന്നു പദ്ധതി.
കസ്റ്റംസ് ഉദ്യോഗസ്ഥരെ കണ്ടാൽ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജീവനക്കാരൻ തിരിച്ചറിയുമെന്നതിനാൽ വിമാനത്താവളത്തിനകത്ത് കസ്റ്റംസുകാർ ഡിആർഐക്ക് പരിശോധന നടത്താൻ സൗകര്യം നൽകി. ഇതോടെയാണു കപ്പലിലെ കള്ളനെയും പിടികൂടാനായത്. ഡിആർഐയും കസ്റ്റംസും തമ്മിൽ ധാരണയിലായില്ലെങ്കിൽ യാത്രക്കാരനിൽ മാത്രം കേസൊതുങ്ങുമായിരുന്നു. ചെറുതും വലുതുമായ ബിസ്ക്കറ്റ് രൂപത്തിലാക്കിയ സ്വർണം വെള്ള പേപ്പറിൽ പൊതിഞ്ഞ് ലഗേജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇത് ശുചിമുറിയിൽ വച്ച് മുഹമ്മദ് അഷറഫിൽനിന്നു കൈപ്പറ്റിയ പോൾ ജോസഫ് അരയിൽ തിരുകുന്നതിനിടെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻറലിജൻസ് വിഭാഗം പിടികൂടിയത്. രണ്ടു മാസം മുന്പ് സമാനമായ രീതിയിൽ വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്പെക്ടറെ ഡിആർഐ പിടികൂടിയിരുന്നു. വിദേശത്തുനിന്നു വന്ന യാത്രക്കാരൻ കൊണ്ടുവന്ന മൂന്നു കിലോ സ്വർണം വിമാനത്താവളത്തിലെ ശുചിമുറിയിൽ വച്ച് സ്വീകരിക്കുന്നതിനിടയിലാണ് അന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിലായത്.
ഡ്യൂട്ടി ഇല്ലാതിരുന്ന ദിവസം ബന്ധുവിനെ സ്വീകരിക്കാനെന്ന വ്യാജേന വിമാനത്താവളത്തിലെത്തിയാണ് കള്ളക്കടത്തുകാരുടെ ഇടനിലക്കാരനായി കസ്റ്റംസ് ഉദ്യോഗസ്ഥൻ പ്രവർത്തിച്ചത്. ഇതിന്റെ അന്വേഷണം പുരോഗമിക്കവേയാണ് ബിഡബ്ല്യുഎഫ്എഫിലെ സൂപ്പർവൈസർ പിടിയിലാവുന്നത്.
കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ കള്ളക്കടത്തുകാർക്ക് കസ്റ്റംസിന്റെയും ബിഡബ്ല്യുഎഫ്എഫിലെയും സഹായമുണ്ടെന്ന ആക്ഷേപങ്ങൾ ശക്തമായിരിക്കെയാണ് രണ്ടു സംഭവവും നടന്നിരിക്കുന്നത്. ഈ അടുത്തകാലത്ത് നടന്നിട്ടുള്ള സ്വർണക്കടത്ത് സംഭവങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കടത്തുകാർക്ക് ഒത്താശ ചെയ്യുന്ന ബിഡബ്ല്യുഎഫ്എഫിനെ കരിന്പട്ടികയിൽ പെടുത്തണമെന്ന് കസ്റ്റംസ് ഇൻറലിജന്റ്സ് വിഭാഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടേക്കും. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് സ്വർണം അനധികൃതമായി കടത്താൻ ശ്രമിക്കുന്നത്.