സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വളർച്ചയിൽ പുതുശോഭ പകർന്നു മൂന്നാം ടെർമിനൽ (ടി 3) ഒരുങ്ങി. 15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ സിയാൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച പുതിയ ടെർമിനൽ മാർച്ച് രണ്ടാം വാരം യാത്രക്കാർക്കായി തുറന്നുനൽകും. അന്താരാഷ്ട്ര സർവീസുകൾക്കാകും പുതിയ ടെർമിനൽ ഉപയോഗിക്കുക. ടെർമിനൽ, ഫ്ളൈ ഓവർ, ഏപ്രണ് എന്നിവയുൾപ്പെടെ 1,100 കോടി രൂപയാണു നിർമാണത്തിനായി സിയാൽ ചെലവഴിച്ചത്.
നിലവിലുള്ള ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളുടെ മൊത്തം വിസ്തൃതിയുടെ രണ്ടര ഇരട്ടി വലുപ്പം മൂന്നാം ടെർമിനലിനുണ്ടാകും. 48000 ചരുരശ്ര അടിയാണ് ഇപ്പോഴത്തെ അന്താരാഷ്ട്ര ടെർമിനലിന്റെ വിസ്തീർണം. നിലവിലുള്ള ടെർമിനലുകളുടെ വടക്കുകിഴക്കായി മൂന്നു ലെവലുകളിലായാണു മൂന്നാം ടെർമിനൽ നിർമിച്ചിട്ടുള്ളത്. ഇതു പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ നിലവിലുള്ള ടെർമിനലുകൾ ആഭ്യന്തര എയർലൈൻ സർവീസിനായി മാത്രം മാറ്റിവയ്ക്കും.
ഏഷ്യയിൽ ആദ്യമായി ഒന്നാം ലെവൽ മുതൽ 360 ഡിഗ്രി ഇമേജിംഗോടെ സിടി സ്കാനിംഗ് ബാഗേജ് ഹാൻഡ്ലിംഗ് സംവിധാനമുള്ള ടെർമിനൽ എന്നപ്രത്യേകതയോടെയാണ് ഇത് ഒരുങ്ങുന്നത്. 84 ചെക്ക് ഇൻ കൗണ്ടറുകൾ, 80 എമിഗ്രേഷൻ കൗണ്ടറുകൾ, മൂവിംഗ് വാക്ക് വേയ്സ്, ബിസിനസ് ലോഞ്ച്, മെഡിക്കൽ ഇൻസ്പെക്ഷൻ റൂം, ഷോപ്പിംഗ് ആർക്കേഡ്, ഫൂഡ് കോർട്ടുകൾ, പത്ത് എയ്റോ ബ്രിഡ്ജുകൾ, ഒന്പതു വിഷ്വൽ ഡോക്കിംഗ് ഗൈഡൻസ് സിസ്റ്റം, 3000 സുരക്ഷാ കാമറകൾ, ബൂം ബാരിയർ, അത്യാധുനിക സെക്യൂരിറ്റി ഗേറ്റ് ഹൗസ്, പത്ത് എസ്കലേറ്ററുകൾ, 21 എലവേറ്ററുകൾ എന്നിവയും മൂന്നാം ടെർമിനലിൽ സജ്ജീകരിച്ചിട്ടുണ്ട്.
മൂന്നു വാക്കലേറ്ററുകൾ ടെർമിനലിലുണ്ട്. 65 മീറ്റർ ദൈർഘ്യമുള്ള രണ്ടു വാക്കലേറ്റർ താഴത്തെ നിലയിലും 90 മീറ്ററുള്ള മറ്റൊന്ന് മുകളിലുമായാണ് ഒരുക്കിയിട്ടുള്ളത്. 1,400 കാറുകൾ പാർക്കു ചെയ്യാൻ സൗകര്യമുണ്ടാകും. സൗരോർജ പാനലുകൾ ഘടിപ്പിച്ച മേൽക്കൂര പാർക്കിംഗ് സംവിധാനത്തിന്റെ പ്രത്യേകതയാണ്.കേരളീയ വാസ്തുശൈലിയും ആധുനികതയും സമന്വയിക്കുന്ന നിർമാണരീതിയാണു പുതിയ ടെർമിനലിനെ ആകർഷണീയമാക്കുന്നത്. തൃശൂർ പൂരത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ നെറ്റിപ്പട്ടം കെട്ടിയ 15 ആനകളുടെ കൂറ്റൻ ശില്പങ്ങളാണ് യാത്രക്കാരെ വരവേൽക്കുന്നത്. ആനപ്പുറത്ത് ചാമരങ്ങൾ വീശുന്ന ആൾരൂപങ്ങളും കൗതുകക്കാഴ്ചയാവുന്നു. വെർട്ടിക്കൽ ഓർക്കിഡ് ഗാർഡൻ യാത്രക്കാരെ സ്വീകരിക്കാൻ തയാറായിട്ടുണ്ട്.
അത്യാധുനിക സുരക്ഷാ, ഓപ്പറേഷണൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയതിനൊപ്പം ശില്പഭംഗിയിൽ തനതു കേരളീയ മാതൃക പിന്തുടരാൻ സിയാലിനു കഴിഞ്ഞു. 2014 ഫെബ്രുവരിയിലാണു മൂന്നാം ടെർമിനലിനു തറക്കല്ലിട്ടത്.
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് ടെർമിനലിന്റെ ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും കമ്മീഷനിംഗിനു സജ്ജമായിരുന്നില്ല. അനുബന്ധ സൗകര്യവികസനം, സുരക്ഷാ ഉപകരണങ്ങൾ എന്നിവയ്ക്കായി ചെലവഴിച്ച തുക മാറ്റിവച്ചാൽ ചതുരശ്രയടിയ്ക്ക് 4,250 രൂപയിൽ ടെർമിനൽ നിർമാണം പൂർത്തിയാക്കാനായെന്നതു നേട്ടമാണെന്നു സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ പറഞ്ഞു.