നെടുമ്പാശേരി: വിമാനം തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിയെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കി. എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ശനിയാഴ്ചയാണ് മുംബൈയിലെ എയര്‍ ഇന്ത്യ കണ് ട്രോള്‍ സെന്ററിലേക്ക് ജെയ്ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയുടെ പെരില്‍ ഭീഷണി സന്ദേശം ലഭിച്ചത്.
കാശ്മീരിലെ പുൽവാമ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഭീഷണി ഗൗരവമായി എടുത്തിരിക്കുന്നത്. ഇതേതുടര്‍ന്ന് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ജാഗ്രത പാലിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ശനിയാഴ്ച്ച തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
വിമാനത്താവളത്തില്‍ എത്തുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരെ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനക്ക് പുറമെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. ലഗേജുകളുടെ പരിശോധനയും അതീവ ഗൗരവത്തോടെയാണ് നടക്കുന്നത്.
സംശയം തോന്നുന്ന മുഴുവന്‍ ലഗേജുകളും തുറന്നു പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം.പ്രത്യേകം പരിശീലനം സിദ്ധിച്ച നായ്ക്കളെയും പരിശോധനകള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. വൈകിയെത്തുന്ന യാത്രക്കാരെ പരമാവധി നിരീക്ഷിച്ച ശേഷമാണ് കടത്തി വിടുന്നത്. ഏതാനും ദിവസത്തേക്ക് കൂടി കനത്ത ജാഗ്രത തുടരാനാണ് നിര്‍ദ്ദേശം.