നെടുന്പാശേരി: കൊച്ചി വിമാനത്താവളത്തിൽ ചെക്ക്-ഇൻ സമയം മൂന്നു മണിക്കൂറാക്കി ഉയർത്തി. ആഭ്യന്തര യാത്രക്കാർക്കാണു സമയക്രമീകരണം ബാധകം. ചൊവ്വാഴ്ച മുതൽ വിമാന പുറപ്പെടൽ സമയത്തിനു മൂന്നു മണിക്കൂർ മുന്‍പ് ആഭ്യന്തര യാത്രക്കാർക്കു ചെക്ക് ഇൻ ചെയ്യാം. സുരക്ഷാ ക്രമീകരണങ്ങൾ, യാത്രക്കാരുടെ തിരക്ക് എന്നിവ കണക്കിലെടുത്താണു ചെക്ക്-ഇൻ സമയം വർധിപ്പിച്ചത്.
നിലവിൽ ആഭ്യന്തര ചെക്ക്-ഇൻ കൗണ്ടറുകൾ വിമാന പുറപ്പെടൽ സമയത്തിനു രണ്ടു മണിക്കൂർ മുന്‍പാണു പ്രവർത്തനം ആരംഭിക്കുന്നത്. ഇതിലും നേരത്തെ എത്തുന്നവരെ സിഐഎസ്എഫ് ചെക്ക്-ഇൻ മേഖലയിലേക്കു കടത്തിവിടാറില്ല. തീവ്രവാദ ആക്രമണ ഭീഷണിയുള്ള പശ്ചാത്തലത്തിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷന്റെ നിർദേശപ്രകാരമാണു സുരക്ഷാ പരിശോധന അതീവ കർശനമാക്കിയത്.
സുരക്ഷാ പരിശോധനയ്ക്കു കൂടുതൽ സമയമെടുക്കുന്നതിനാൽ സുരക്ഷാ പരിശോധനാ ഹാളിൽ വൻ തിരക്ക് ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്. അവസാന നിമിഷം എത്തുന്നവർക്ക് ഗേറ്റുകളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യം പലപ്പോഴുമുണ്ടാകാറുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണു ചെക്ക്-ഇൻ കൗണ്ടറുകൾ നേരത്തെ തുറക്കാൻ സിയാൽ എയർലൈനുകൾക്കു നിർദേശം നൽകിയത്.
രാജ്യാന്തര യാത്രക്കാരുടെ ചെക്ക്-ഇൻ സമയം മൂന്നു മണിക്കൂറായി തന്നെ തുടരും. കൊച്ചി വിമാനത്താവളത്തിൽനിന്നു പ്രതിദിനം മുപ്പതിനായിരത്തോളം പേരാണു യാത്ര ചെയ്യുന്നതെന്നാണു സിയാലിന്റെ കണക്ക്