നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന വിദേശ വിനിമയ സ്ഥാപനത്തിൽ കണ്ടെത്തിയ വൻ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ ആളുകളിലേക്ക് നീങ്ങുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്ത സീനിയർ മാനേജരെ ഇന്നലെ എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷണം കൂടുതൽ പേരിലേക്ക് നീളുന്നതായാണ് ലഭ്യമാകുന്ന വിവരം.
രണ്ട് വർഷത്തിനിടെ 17.37 കോടി രൂപയുടെ അനധികൃത ഇടപാടുകൾ സ്ഥാപനം വഴി നടന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സ്ഥാപനവുമായി ബന്ധപ്പെട്ട ഉന്നതർ അറിയാതെ ഇത്ര വ്യാപകമായ ക്രമക്കേട് നടത്താൻ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. രാജ്യത്ത് സന്ദർശനം നടത്തി മടങ്ങിപോകുന്ന വിദേശികൾക്കും വിദേശ ഇന്ത്യക്കാർക്കും (എൻആർഐ) മാത്രമേ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കറൻസി മാറ്റിയെടുക്കാൻ അനുവാദമുള്ളൂ.
എന്നാൽ ടൂറിസ്റ്റ് വിസയിൽ ഗ്രൂപ്പായി പോകുന്നവർക്ക് പോലും വൻ തോതിൽ വിദേശ കറൻസി മാറ്റി നൽകിയതായാണ് കണ്ടെത്തൽ.രണ്ട് വർഷത്തിനിടെ 11000 ഇടപാടുകളാണ് ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത്. ഇതിൽ രണ്ടായിരത്തിലധികം ഇടപാടുകളാണ് അനധികൃതമായി നടത്തിയിട്ടുള്ളത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ നിർദേശങ്ങൾ ലംഘിച്ചുകൊണ്ട് ഈ സ്ഥാപനത്തിൽ 17 കോടി രൂപയുടെ അനധികൃത ഇടപാടുകൾ നടത്തിയിട്ടുള്ളതായി പരിശോധനയിൽ വ്യക്തമായതായതായി കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ പത്രക്കുറിപ്പിൽ അറിയിച്ചു. രണ്ട് വർഷത്തിനിടെ നടത്തിയിട്ടുള്ള ഇടപാടുകളിലാണ് വൻ തുകയുടെ വെട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.
വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലായ ടി 3 യിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. നിയമപരമായി ഒരു വിദേശ യാത്രക്കാരന് തന്റെ പാസ്പോർട്ട് വിവരങ്ങൾ കൈമാറി പരമാവധി 25000 രൂപയുടെ ഇടപാട് നടത്താനാണ് അനുമതിയുള്ളത്. എന്നാൽ ക്രമക്കേട് നടത്തിയ സ്ഥാപനത്തിൽ ഒരു പാസ്പോർട്ടിൽ രണ്ട് മുതൽ അഞ്ച് വരെ ഇടപാടുകളാണ് നടന്നിട്ടുള്ളതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരവും ഇന്ത്യൻ കസ്റ്റംസ് ആക്റ്റ് പ്രകാരവും കുറ്റകരമാണ്.