കൊച്ചി: വെള്ളപ്പൊക്കത്തെത്തുടർന്നു പ്രവർത്തനം നിർത്തിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നു തുറക്കുമെന്നു പറയാനാകാത്ത അവസ്ഥ. 26ന് ഉച്ചയ്ക്കു രണ്ടു വരെ വിമാനത്താവളം അടച്ചിടുമെന്നാണ് അധികൃതർ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വെള്ളമിറങ്ങാൻ വൈകുകയും മഴ തുടരുകയും ചെയ്താൽ വിമാനത്താവളം തുറക്കുന്നതു കൂടുതൽ നീളാനാണു സാധ്യത.
റണ്‍വേയിലും ഓപ്പറേഷൻ ഏരിയയിലും ആഭ്യന്തര ടെർമിനലിലും വെള്ളം കയറിയിട്ടുണ്ട്. വിമാനത്താവളത്തിനു ചുറ്റും വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ പന്പു ചെയ്തു മാറ്റാനും കഴിയുന്നില്ല. വെള്ളം കയറി ഉപകരണങ്ങൾക്കു കേടുപാട് സംഭവിച്ചിട്ടുണ്ട്. വെള്ളമിറങ്ങിയാലും സുരക്ഷാ പരിശോധനകൾ നടത്തി വിമാനത്താവളം പൂർവസ്ഥിതിയിൽ പ്രവർത്തനയോഗ്യമാക്കാൻ ഒരാഴ്ചയെടുക്കുമെന്നു പറയുന്നു.
വെള്ളം കയറിയതിനെത്തുടർന്നു കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ നാലു മുതൽ വിമാന സർവീസുകൾക്കു നിയന്ത്രണമേർപ്പെടുത്തുകയും വ്യാഴാഴ്ച രാവിലെ 11ഓടെ വിമാനത്താവളം അടച്ചിടുകയുമായിരുന്നു. സർവീസുകൾ മറ്റു വിമാനത്താവളങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. യാത്രക്കാർക്കായി നെടുമ്പാശേരിയിൽ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. എമർജൻസി നമ്പറുകൾ: 9072604004, 90726 04006, 9072604007.