നെടുമ്പാശേരി: വിമാനത്തിന്റെ ശുചിമുറിയിൽനിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ 85 ലക്ഷം രൂപയുടെ സ്വർണം കണ്ടെത്തി.
ഇന്ന് രാവിലെ 7.18 ന് അബുദാബിയിൽ നിന്ന് നെടുമ്പാശേരിയിലെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ 1709 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.
വിമാന ജീവനക്കാർ വിവരം നൽകിയതനുസരിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. കസ്റ്റംസ് കൂടുതൽ അന്വേഷണമാരംഭിച്ചു.
ഈ വിമാനം നെടുമ്പാശേരിയിൽനിന്നും അഭ്യന്തര സെക്ടറിൽ തുടർ സർവീസ് നടത്തുന്നതാണ്. ആഭ്യന്തര യാത്രക്കാരനായി വിമാനത്തിൽ കയറുന്ന വ്യക്തി വഴി ആഭ്യന്തര ടെർമിനൽ വഴി കസ്റ്റംസ് പരിശോധന കൂടാതെ സ്വർണം പുറത്തെത്തിക്കാനായിരുന്നു പദ്ധതിയെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ മാസം 12ന് ഇതേ വിമാനത്തിന്റെ സീറ്റിന്റെ പിന്നിലെ മാഗസിൻ സൂക്ഷിക്കുന്ന അറയിൽനിന്നും 83 ലക്ഷം രൂപയുടെ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
ഡിആർഐ വിഭാഗത്തിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അന്ന് സ്വർണം കണ്ടെത്തിയത്.