നെടുന്പാശേരി: വെള്ളപ്പൊക്കത്തെത്തുടർന്നു രണ്ടാഴ്ചയോളം അടച്ചിടേണ്ടിവന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്നു പുനരാരംഭിക്കും. ഉച്ചകഴിഞ്ഞു രണ്ടോടെ വിമാന സർവീസ് ആരംഭിക്കും.
അന്താരാഷ്ട്ര, അഭ്യന്തര സർവീസുകൾ ഒരുമിച്ച് തുടങ്ങാൻ കഴിയുന്ന വിധത്തിലാണ് സിയാൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള സമയക്രമം അനുസരിച്ചാണ് വിമാന കന്പനികൾ സർവീസ് നടത്തുക.
പെരിയാർ കരകവിഞ്ഞൊഴുകി വെള്ളത്തിനടിയിലായതോടെ കഴിഞ്ഞ 15നാണു വിമാനത്താവളം താത്കാലികമായി അടച്ചത്. എയർലൈൻ, ഗ്രൗണ്ട് ഹാൻഡ്ലിംഗ്, കസ്റ്റംസ്, ഇമിഗ്രേഷൻ തുടങ്ങിയ വിഭാഗങ്ങളെല്ലാം ഇന്നലെ ഉച്ചയോടെ ഓഫീസുകൾ പ്രവർത്തിപ്പിച്ചു തുടങ്ങി. പ്രളയക്കെടുതിയിൽ 300 കോടിയിലധികം രൂപയുടെ നഷ്ടം സിയാലിന് സംഭവിച്ചതായാണ് പ്രാഥമിക കണക്ക്.
വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ 20ന് സിയാൽ എംഡി വി.ജെ. കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് യുദ്ധകാലാടിസ്ഥാനത്തിൽ പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിക്കാൻ തീരുമാനിച്ചത്. എട്ടു ദിവസം തുടർച്ചയായി വിവിധ ഷിഫ്റ്റുകളിലായി 24 മണിക്കൂറും ആയിരത്തോളം തൊഴിലാളികൾ ജോലിചെയ്താണു വിമാനത്താവളം പ്രവർത്തന സജ്ജമാക്കിയത്.
രണ്ടര കിലോമീറ്റർ നീളത്തിൽ തകർന്ന ചുറ്റുമതിൽ പത്തടി ഉയരത്തിൽ താത്കാലികമായി പുനർനിർമിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കത്തെത്തുടർന്ന് ഇത് രണ്ടാം തവണയാണ് നെടുന്പാശേരി വിമാനത്താവളത്തിൻറെ പ്രവർത്തനം തടസപ്പെടുന്നത്.
2013ൽ റണ്വേയിൽ വെള്ളം കയറിയതിനെത്തുടർന്ന് ഒരു ദിവസം പ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്നിരുന്നു. ഇതിനിടെ, നെടുന്പാശേരിക്കു പകരം കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽനിന്നു നടത്തിയിരുന്ന സർവീസുകൾ ഇന്ന് ഉച്ചയോടെ അവസാനിപ്പിച്ചു.