ആലുവ: നഗരത്തിൽ ഓട്ടോറിക്ഷകൾക്ക് ബോണറ്റ് നമ്പർ അനുവദിക്കുന്നതിന് ട്രാഫിക് പോലീസ് തയാറാക്കിയ പട്ടികയിൽ വ്യാപക ക്രമക്കേടെന്നു ജോയിന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ. മനുഷ്യവകാശ കമ്മീഷന് നൽകിയ വിശദീകരണത്തിലാണ് ഗുരുതരമായ തെറ്റുകൾ ഉണ്ടെന്ന് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ നവംബർ 15ന് 841 ഓട്ടോകൾക്കാണ് ബോണറ്റ് നമ്പർ കൊടുക്കാൻ ട്രാഫിക് പോലീസ് പട്ടിക തയാറാക്കിയത്. ഇതിൽ ഓട്ടോറിക്ഷകൾ അല്ലാത്ത വാഹനങ്ങളെ ഉൾപ്പെടുത്തിയെന്നതാണ് പ്രധാന പരാതി. ജില്ലയ്ക്കു പുറത്തുള്ള വാഹനങ്ങളെ പട്ടികയിൽ പെടുത്തിയതും അനുവദിക്കാനാകില്ലെന്ന് മോട്ടോർ വകുപ്പ് അറിയിച്ചു.
ആലുവ നഗരത്തിൽ 35 ഓട്ടോ സ്റ്റാൻഡുകളും 841 ഓട്ടോറിക്ഷകളും ഉണ്ടെന്നാണ് പോലീസിന്റെ കണക്ക്. എന്നാൽ ഒരു ഓട്ടോ സ്റ്റാൻഡു പോലും നിയമ വിധേയമല്ലെന്ന് മോട്ടോർ വകുപ്പ് ചൂണ്ടിക്കാട്ടി.
റോഡ് പരിധിയിൽനിന്ന് 1.3 മീറ്റർ ദൂരത്തിൽ മാത്രമേ പാർക്കിംഗ് സ്ഥലം അനുവദിക്കാൻ പാടുള്ളൂവെന്ന ചട്ടം ലംഘിച്ചാണ് ഓട്ടോസ്റ്റാൻഡുകൾ പ്രവർത്തിക്കുന്നതെന്ന് ആലുവ ജോയിന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ മനുഷ്യവകാശ കമ്മീഷന് നൽകിയ കത്തിൽ വ്യക്തമാക്കി.
യാത്രക്കാരുടെ സൗകര്യത്തിനായി താത്കാലിക ഓട്ടോസ്റ്റാൻഡ് അനുവദിച്ചാലും ആർടിഒ നൽകിയ പെർമിറ്റ് അടിസ്ഥാനത്തിലായിരിക്കണം അതെന്നും പറയുന്നുണ്ട്. ഇവ വിശദമാക്കി ട്രാഫിക് റെഗുലേറ്ററി അധ്യക്ഷയായ ആലുവ നഗരസഭ ചെയർപേഴ്സണ് കത്ത് നേരത്തെ നൽകിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
2017 സെപ്റ്റംബർ 25ന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ച പ്രകാരം നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് ബോണറ്റ് നമ്പർ നൽകുന്നത് ഉടൻ നടപ്പിലാക്കുമെന്ന് ട്രാഫിക് എസ്ഐ മനുഷ്യവകാശ കമ്മീഷനെ അറിയിച്ചു.
നഗരത്തിൽ ഓട്ടോറിക്ഷകളുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുകയാണെന്നും ഇത് നിയന്ത്രിക്കാൻ ബോണറ്റ് നമ്പർ അനുവദിക്കണമെന്നുമുള്ള പൊതുപ്രവർത്തകൻ ഡൊമിനിക് കാവുങ്കലിന്റെ ഹർജിയുടെ അടിസ്ഥാനത്തിലാണ് മോട്ടോർ വകുപ്പും ട്രാഫിക് പോലീസും മനുഷ്യവകാശ കമ്മീഷന് വിശദീകരണം നൽകിയത്.
രണ്ട് വർഷമായിട്ടും പട്ടിക തയാറാക്കി നടപ്പിലാക്കുന്നില്ലെന്നായിരുന്നു ഹർജി. അതേ സമയം പട്ടികയിൽ അനധികൃത ഓട്ടോറിക്ഷകൾ കയറിയിട്ടുണ്ടെന്ന് നഗരത്തിലെ സ്ഥിരം ഓട്ടോ തൊഴിലാളികൾ പറഞ്ഞു. പട്ടികയിൽ ഇനിയും ആളെ കയറ്റാനും രാഷ്ട്രീയ പാർട്ടികൾ സമ്മർദ്ദം നടത്തുന്നുണ്ടെന്നും ആരോപണമുണ്ട്.
ഏതാനും പേർക്ക് ബോണറ്റ് നമ്പർ നൽകാൻ ട്രാഫിക് പോലീസ് കഴിഞ്ഞ വർഷം ശ്രമം നടത്തിയെങ്കിലും ട്രേഡ് യൂണിയനുകൾ ഇടപെട്ട് തടഞ്ഞിരുന്നു.