കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ നോട്ടീസിന്മേലുള്ള വോട്ടെടുപ്പ് 12നു നടക്കാനിരിക്കെ യുഡിഎഫിന്റെ നിര്‍ണായക പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ ചേരും. അവിശ്വാസത്തിന്മേലുള്ള വോട്ടെടുപ്പില്‍ യുഡിഎഫ് അംഗങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്തുകയാണ് യോഗത്തിന്റെ ലക്ഷ്യം. എങ്കിലും അധികാരമാറ്റമുണ്ടായില്ലെങ്കില് വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് ഉറച്ച നിലപാടിലാണ് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം.
74 അംഗങ്ങളുള്ള കൗണ്‍സിലില്‍ നാല് അംഗങ്ങളുടെ വ്യത്യാസം മാത്രമേ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ളു. രണ്ട് അംഗങ്ങള്‍ ബിജെപിയില്‍ നിന്നുള്ളവരാണ്. യുഡിഎഫില്‍ നിന്നുള്ള മൂന്നു പേരെയെങ്കിലും വോട്ടെടുപ്പില്‍ നിന്നുവിട്ടു നിര്ത്തിക്കാനായാല് ഭരണസമിതിയെ അട്ടിമറിക്കാന്‍ എല്‍ഡിഎഫിനാകും. രണ്ടു ബിജെപി അംഗങ്ങളുടെ മനസ് മേയര്‍ക്ക് എതിരായതിനാല്‍ അതിന്റെ ആനുകൂല്യവും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്.
അധികാരമാറ്റം വൈകുന്നതില്‍ അസംതൃപ്തരായ അഞ്ചോളം ഐ ഗ്രൂപ്പ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നേക്കുമെന്ന സൂചനകളാണ് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്. 12ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ അംഗങ്ങളെ ഒരുമിച്ചു നിര്‍ത്താന്‍ നാളെ യുഡിഎഫ് പാര്‍ലമെന്റി യോഗം ചേരുമ്പോള്‍ മേയര്‍ ഉള്‍പ്പടെയുള്ള നിലവിലെ സമിതിയുടെ രാജി ഐഗ്രൂപ്പ് ആവശ്യപ്പെടും. ഇതിനോടുള്ള നേതൃത്വത്തിന്റെ സമീപനത്തിന്റെ അടിസ്ഥാനത്തിലാകും വോട്ടെടുപ്പില്‍ പങ്കെടുക്കണോ എന്ന കാര്യം തീരുമാനിക്കുകയുള്ളെന്ന് വിമതര്‍ പറഞ്ഞു.
വിപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പറയുന്നുണ്ടെങ്കിലും അതൊന്നും ഇവര്‍ കാര്യമാക്കുന്നില്ല. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്കു കഴിഞ്ഞതവണ നടന്ന വോട്ടെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാതിരുന്നത് ഇവര്‍ ആയുധമാക്കുകയാണ്. അന്ന് നടപടി എടുക്കാതിരുന്നിട്ട് ഇപ്പോള്‍ നടപടി സ്വീകരിച്ചാല്‍ അതിനെ ചോദ്യം ചെയ്യുമെന്നും ഇവര്‍ പറയുന്നു.
നേതൃത്വത്തിനിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഒത്തൊരുമയില്ലായ്മയുമാണ് ധനകാര്യ കമ്മിറ്റിയിലെ വോട്ടെടുപ്പില്‍ സംഭവിച്ചതെന്നാണ് ഇവരുടെ ആക്ഷേപം. അത് ആവര്‍ത്തിക്കപ്പെട്ടാല്‍ യുഡിഎഫിന് ഭരണംവരെ നഷ്ടമാകും. അതൊഴിവാക്കാന് മേയറും യുഡിഎഫിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളും രാജിവച്ച് മുന്‍ധാരണപ്രകാരം അധികാരം കൈമാറണമെന്നാണ് ഇവരുടെ ആവശ്യപ്പെടുന്നത്. ഗ്രൂപ്പ് തര്‍ക്കങ്ങള്‍ രൂക്ഷമായിട്ടും കെപിസിസിയോ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോ വിഷയത്തില്‍ ഇടപെട്ടിട്ടില്ല.