കൊച്ചി: കറുകപ്പിള്ളിയിലെ ലോഡ്ജില്‍ ഒന്നേകാല്‍ മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ അമ്മയെയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ എളമക്കര പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 130 പേജുള്ള കുറ്റപത്രത്തില്‍ കുഞ്ഞിന്റെ അമ്മ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന് (25), സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി. ഷാനിഫ് (25) എന്നിവര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ് വ്യക്തമാക്കുന്നത്.
കേസില്‍ 62 സാക്ഷികളാണുള്ളത്. എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ ജെ.എസ്. സജീവ്കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനായിരുന്നു കറുകപ്പള്ളിയിലെ ലോഡ്ജിലെ 109-ാം നമ്പര്‍ മുറിയില്‍ കുഞ്ഞ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കുഞ്ഞിന്റെ അമ്മ അശ്വതിയുടെ അറിവോടെ അതിക്രൂരമായാണ് ഷാനിഫ് കൊല നടത്തിയത്.
കുട്ടിയുടെ തല ഷാനിഫ് സ്വന്തം കാല്‍മുട്ടില്‍ ഇടിച്ചു. ഇതേ തുടര്‍ന്ന് തലയോട്ടി പൊട്ടി. ഇയാള്‍ മുമ്പ് നടത്തിയ മര്‍ദനത്തില്‍ കുഞ്ഞിന്റെ വാരിയെല്ലും ഒടിഞ്ഞിരുന്നു. തലയോട്ടിക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചത്. കുഞ്ഞ് മരിച്ചുവെന്ന് ഉറപ്പുവരുത്തുന്നതിനായി ഇയാള്‍ കുട്ടിയുടെ ശരീരത്തില്‍ കടിച്ചതായും പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.
കടിച്ചപ്പോള്‍ കുഞ്ഞ് കരഞ്ഞില്ലെന്നും ഇതോടെ മരണം ഉറപ്പിക്കുകയായിരുന്നുവെന്നുമാണ് പ്രതിയുടെ മൊഴി. കടിയേറ്റതിന്റെ പാടുകളും കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ചേര്‍ത്തലയിലെ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ അന്നു മുതല്‍ കൊലപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു പ്രതികള്‍.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് അശ്വതിയും ഷാനിഫും പരിചയപ്പെട്ടത്. അതിനുശേഷം ഇവര്‍ പലയിടത്തായി ഒരുമിച്ചു താമസിച്ചു. ഇരുവരും നിയമപ്രകാരം വിവാഹിതരല്ല. എന്നാല്‍ താനുമായി പരിചയപ്പെടുമ്പോള്‍ മറ്റൊരാളുമായുള്ള ബന്ധത്തില്‍ അശ്വതി നാലു മാസം ഗര്‍ഭിണിയായിരുന്നുവെന്നും ആ കുഞ്ഞാണ് ഇതെന്നുമാണ് ഷാനിഫ് പോലീസിനോട് പറഞ്ഞത്. മറ്റൊരാളുടെ കുഞ്ഞ് തങ്ങളുടെ ജീവിതത്തില്‍ ബാധ്യതയാകുമെന്ന വിശ്വാസത്തില്‍ അന്നു മുതല്‍ കുഞ്ഞിനെ ഇല്ലാതാക്കാനായി പ്രതി ഷാനിഫ് ശ്രമം തുടങ്ങിയിരുന്നു. ഒടുവിലത് കുഞ്ഞിന്റെ കൊലയില്‍ കലാശിച്ചു.