കൊച്ചി: പനമ്പിള്ളി നഗറില്‍ നടുറോഡിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഫ്ലാറ്റിലെ താമസക്കാരിയായ 23 വയസുകാരി പോലീസ് പിടിയിൽ. സംഭവത്തെക്കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്.ശ്യാംസുന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ.
ഇന്ന് രാവിലെ അഞ്ചോടെയാണ് പ്രസവം നടന്നത്. പെട്ടെന്നുണ്ടായ പരിഭ്രാന്തിയിലും വിഷമത്തിലും മൂന്ന് മണിക്കൂറിന് ശേഷം കുഞ്ഞിനെ ബാല്‍ക്കണിയിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
പീഡനത്തിന് ഇരയായെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. ഈ സാഹചര്യത്തില്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കുട്ടി ജനിച്ചപ്പോഴെ മരിച്ചതാണോ അതോ കൊലപാതകമാണോ എന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ ബോധ്യമാകൂ. കസ്റ്റഡിയിലുള്ള യുവതിയും മാതാപിതാക്കളുമാണ് ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. എന്നാല്‍ മകള്‍ ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നു.
വൈദ്യസഹായം ലഭ്യമാക്കാന്‍ യുവതിയെ ആശുപത്രിലേക്ക് കൊണ്ടുപോയിട്ടുണ്ട്.. ഇവര്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കും. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.