ഭാര്യയുടെ കാമുകനെതിരേ പരാതിയുമായി ഭര്‍ത്താവ് രംഗത്ത്. അതും ഭാര്യയ്ക്കുവേണ്ടി. കൊച്ചിയിലാണ് സിനിമരംഗം പോലുള്ള സംഭവം. കാമുകന് തന്റെ ഭാര്യയെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നും അവളെ രക്ഷിക്കണമെന്നുമാണ് പരാതിയിലുള്ളത്. മൂന്നാഴ്ച മുമ്പ് കൊച്ചി നഗരത്തില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിലാണ് ഭര്‍ത്താവ് ഐജിക്ക് പരാതി നല്‍കിയത്. യുവതി ഇപ്പോഴും അക്രമിയുടെ വീട്ടു തടങ്കലില്‍ ആണെന്നും ജീവന് ഭീഷണിയുണ്ടെന്നും കേസ് എടുക്കാതെ പോലീസ് ഒത്തുകളിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
ജൂലൈ 28ന് രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയായിരുന്നു യുവതി. ശരീരമാസകലം പരിക്കേറ്റ യുവതിയുടെ കയ്യില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ടുണ്ടാക്കിയ മുറിവുണ്ടായിരുന്നു. അമിതമായി മദ്യം ഉള്ളില്‍ ചെന്നിരുന്നു. കുടിപ്പിച്ചതാണെന്ന് സംശയിക്കാന്‍ പാകത്തിന് കവിളിന് ഇരുവശത്തും ബലം പ്രയാഗിച്ചതിന്റെ അടയാളവും ഉണ്ടായിരുന്നു. ആശുപത്രി രേഖയില്‍ നിന്നു തന്നെ സംഭവം ഗൗരവമാണെന്ന് ബോധ്യപ്പെട്ടിട്ടും പോലീസ് നടപടിയെടുക്കുന്നില്ല എന്നാണ് ഭര്‍ത്താവ് പറയുന്നത്.
താനുമായി അകന്ന ശേഷം ഒപ്പം കഴിയുന്നയാളില്‍ നിന്നും യുവതിക്ക് ക്രൂരമായ പീഡനമാണ് സഹിക്കേണ്ടി വന്നതെന്നു ഭര്‍ത്താവ് നല്കിയ പരാതിയില്‍ പറയുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് മരട് പോലീസ് എത്തി യുവതിയില്‍ നിന്നും മൊഴി എടുത്തെങ്കിലും മൂന്നാഴ്ചയായി പോലീസ് കേസെടുത്തിട്ടില്ല. ഭര്‍ത്താവിനോട് തനിക്ക് പരാതി ഇല്ലെന്നും കേസെടുക്കേണ്ടെന്നും യുവതി പറഞ്ഞെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ യുവതിയുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് കേസ് അട്ടിമറിക്കുന്നതെന്നും ഇയാളുടെ ഭീഷണിയെ തുടര്‍ന്നാണ് പരാതിയില്ലെന്ന് പറയുന്നതെന്നും ഭര്‍ത്താവ് ആരോപിച്ചു.