കൊച്ചി: ആലുവയിൽനിന്ന് 100 ലിറ്റർ നിറം ചേർത്ത ചാരായവും 100 ലിറ്റർ വാഷും പിടിച്ചെടുത്ത സംഭവത്തിൽ തുടർ അന്വേഷണം നടത്താൻ എക്സൈസ് സംഘം. വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദനം നടത്താൻ പ്രതിയെ കൂടുതൽപേർ സഹായിച്ചതായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ അധികൃതർ ഒരുങ്ങുന്നത്.
വർഷങ്ങളായി ചാരായ വിൽപ്പന നടത്തിവന്നിരുന്ന പ്രതി വിശ്വസ്തരായ ആളുകൾക്ക് മാത്രമാണ് ചാരായം നൽകിയിരുന്നത്. കടയിൽനിന്നും ചാരായം ആലുവ പരിസരങ്ങളിലെ നിരവധി ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ എത്തിച്ചു കൊടുത്തിരുന്നതായ വിവരവും അധികൃതർക്ക് ലഭിച്ചു. ഇതുസംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.
ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച വൻതോതിൽ വ്യാജമദ്യം ഉത്പ്പാദിപ്പിക്കുവാൻ സാധ്യതയുണ്ടെന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ആലുവ പുതിയിടം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് വൻതോതിൽ വ്യാജമദ്യം പിടികൂടിയത്. വ്യാജമദ്യ നിർമാണം നടത്തിയ ആലുവ പുതിയിടം സ്വദേശി ഷാജനാണ് (40) ചാരായവും വാഷുമായി പിടിയിലായത്.
പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഷാജൻ നടത്തിയിരുന്ന സ്റ്റേഷനറി കടയുടെ മറവിലാണ് ചാരായം വിൽപ്പനയ്ക്കായി സൂക്ഷിച്ച് വച്ചിരുന്നത്. വേഷ പ്രഛന്നരായി എത്തിയ ഷാഡോ എക്സൈസ് സംഘം തൊഴിലാളികൾ എന്ന ഭാവേന മദ്യം ആവശ്യപ്പെടുകയും ഇവരിൽനിന്നും പണം വാങ്ങി ചാരായം വിതരണം ചെയ്യുകയായിരുന്നു.
തുടർന്ന് കൂടുതൽ എക്സൈസ് സേനാഗംഗങ്ങൾ സ്ഥലത്തെത്തി സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് 10 ലിറ്ററിന്റെ 10 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന ചാരായം കണ്ടെത്തിയത്.