ആലുവ: എറണാകുളം റൂറൽ ജില്ലാ പോലീസ് പരിധിയിൽ ലക്ഷങ്ങൾ മറിയുന്ന ചീട്ട് കളി വ്യാപകമെന്ന് പരാതി. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പരാതിയെ തുടർന്ന് അന്വേഷണം ഊർജിതമാക്കി റൂറൽ പോലീസ്.
ആളൊഴിഞ്ഞ പ്രദേശങ്ങളിലും റബർ തോട്ടങ്ങളിലും പൂട്ടിക്കിടക്കുന്ന കന്പനികളിലും പുഴയോരങ്ങളിലും തുടങ്ങി ആഢംബര ഹോട്ടലുകളിൽ വരെയാണ് വൻ ചൂതാട്ടം നടക്കുന്നത്. പോലീസിലെ ഒരു വിഭാഗത്തിന്റെ ഒത്താശയോടു കൂടിയാണ് ഇത് വ്യാപകമായി നടക്കുന്നതെന്ന ആക്ഷേപവും നാട്ടുകാർക്കിടയിലുണ്ട്.
അങ്കമാലിക്കടുത്ത് പാലിശേരി തപോർ, ആലങ്ങാട് കോട്ടപ്പുറം, എടയാർ, വരാപ്പുഴ, കോതമംഗലം, ആലുവ, പെരുന്പാവൂർ മേഖലകളിലാണ് ചീട്ടുകളി വ്യാപകമായി നടക്കുന്നത്. ഒരു മണിക്കൂറിനുള്ളിൽ ലക്ഷങ്ങൾ മാറി മറിയുന്ന ഈ ചൂതാട്ടത്തിന് നേതൃത്വം നൽകുന്നത് ഗുണ്ടാസംഘങ്ങളാണ്.
ചീട്ടുകളിയിൽ പണം നഷ്ടപ്പെടുന്നവർക്ക് പലിശയ്ക്ക് പണം നൽകി വീണ്ടും കളിക്കാൻ സംഘാടകർ തന്നെ അവസരം ഒരുക്കികൊടുക്കുന്നതാണ് പതിവ്. സ്വർണം മുതൽ വാഹനം വരെ ഇതിന് ഈടായി ഇവർ പിടിച്ചെടുക്കും. കൃത്യസമയത്ത് പലിശ സഹിതം പണം നൽകിയില്ലെങ്കിൽ ഇവർ അത് കൈക്കലാക്കുകയും ചെയ്യും.
അങ്കമാലിക്കടുത്ത് പാലിശേരി തപോർ മേഖലയിൽ ചീട്ടുകളിക്ക് നേതൃത്വം നൽകുന്നത് സ്ഥലത്തെ പ്രധാന ഗുണ്ടാനേതാവാണ്. റബർ തോട്ടങ്ങളിലും കരിങ്കൽ ക്വാറികളിലുമായിട്ടാണ് ഈ ചൂതാട്ടം തുടരുന്നത്. പോലീസിന്റെ ഒത്താശയുള്ളതിനാൽ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടിട്ടും ഇവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
എടയാറിലെ പൂട്ടിക്കിടക്കുന്ന കന്പനികൾ കേന്ദ്രീകരിച്ചാണ് ചീട്ടുകളി നടക്കുന്നത്. നാട്ടുകാർ നിരന്തരം പരാതിപ്പെടുന്നുണ്ടെങ്കിലും പോലീസിന്റെ ഒത്താശ ഇവർക്ക് അനുകൂലമാണെന്നാണ് ആക്ഷേപം. നാട്ടുകാരുടെ എതിർപ്പ് ഭയന്ന് താവളങ്ങൾ മാറ്റി കളി നടത്തുകയാണ് സംഘത്തിന്റെ ഇപ്പോഴത്തെ രീതി.
ഇത്തരം പരാതികൾ പെരുകിയതോടെ അന്വേഷണം ഊർജിതമാക്കാൻ റൂറൽ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുവാൻ ഒരുങ്ങുകയാണ്.