കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ ആദിവാസികളെയടക്കം നിരവധി പേരെ ചിട്ടിയിൽ ചേർത്ത് പത്തു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത് നടത്തിപ്പുകാർ മുങ്ങിയതായി പരാതി. ചിട്ടിനടത്തിപ്പുകാരായ പുന്നേക്കാട് സ്വദേശിനി എൽസി അപ്പച്ചനും തൃശ്ശൂർ സ്വദേശിനി അച്ചാമ്മ കുട്ടിയച്ചനും എതിരെയാണ നാട്ടുകാർ പരാതി നല്കിയത്.
തട്ടിപ്പിന് ഇരയായ കുഞ്ചിപ്പാറ ആദിവാസികുടിയിലെ ധർമ്മിണിയുടെ മകൻ വിജയൻ (42) നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടന്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മാസങ്ങളായി ചിട്ടി നടത്തിപ്പുകാരെ കാണാതെ വന്നതോടെയാണ് തട്ടിപ്പിനിരയായവർ പോലീസിൽ പരാതി നല്കിയത്.
ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന എസ്.ജി.എസ്. അഗ്രോ ഫാം എന്ന സ്ഥാപനത്തിന്റെ പേരിലാണ് ആദിവാസികളെ ചിട്ടിയിൽ ചേർത്തത്. കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നതും കോർപ്പറേറ്റ് ഓഫീസും ചെന്നൈയിലാണെന്നാണ് ചിട്ടി രസീതിൽ കാണിച്ചിട്ടുള്ളത്. തൃശ്ശൂർ മണ്ണൂത്തി, പാലക്കാട് വടക്കുംചേരി പോലീസ് സ്റ്റേഷനുകളിൽ അഗ്രോ ഫാം കമ്പനിക്കെതിരെ കേസുള്ളതായി കുട്ടമ്പുഴ പോലീസ് പറഞ്ഞു.
66 മാസ കാലയളവിലുള്ള ചിട്ടിയാണ് ഭൂരിഭാഗം ആദിവാസികളും ചേർത്തത്. പ്രതിമാസം ചിറ്റാളന്മാരിൽ നിന്ന് 1,000 രൂപ വീതം പിരിച്ചെടുത്ത് കാലാവധി പൂർത്തിയാവുമ്പോൾ 96,000 രൂപ തിരിച്ചു നല്കുമെന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്.
കുഞ്ചിപ്പാറ, തലവച്ചപാറ, കല്ലേലിമേട് എന്നിവിടങ്ങളിലുള്ള നിരവധി പേർ 2012ൽ ആണ് ചിട്ടിയിൽ ചേർത്തത്. പലരുടേയും ചിട്ടി വട്ടമെത്തിയതോടെ തുക മടക്കി ചോദിച്ചപ്പോൾ എൽസിയും അച്ചാമ്മയും ഓരോ അവധി പറഞ്ഞ് നീട്ടിക്കൊണ്ടു പോകുകയായിരുന്നു.
പോലീസിൽ പരാതിപ്പെടുമെന്ന് അറിയിച്ചതോടെ ഇവർ പണം ഉടനെ നല്കാമെന്ന് പറഞ്ഞ് ചിട്ടി പാസ് ബുക്കും പണമടച്ച രസീതുകളും തിരികെ വാങ്ങി. ഇതോടെ മിക്കവരുടെയും ചിട്ടിയിൽ ചേർന്നതിനുള്ള തെളിവും നഷ്ടമായി. 30,000 രൂപ മുതൽ 90,000 രൂപ വരെ അടച്ച 18 പേർ ചേർന്നാണ് പോലീസിൽ പരാതി നൽകിയിട്ടുള്ളത്. കുട്ടമ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു.