നെടുന്പാശേരി: ഹോം നഴ്സിംഗ് സ്ഥാപനത്തിലെത്തി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്ന് റൂറൽ എസ്പി അറിയിച്ചു. എറണാകുളം റെയിൽവേ സിഐ വി.എസ്. ഷാജുവിനെതിരേയാണ് യുവതിയുടെ പരാതിയിൽ നെടുന്പാശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തെക്കുറിച്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം വിശദമായി അന്വേഷിക്കുമെന്നും എസ്പി പറഞ്ഞു. ദേശീയപാതയിൽ അത്താണി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യ ഹോം നഴ്സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയാണു പരാതിക്കാരി. കഴിഞ്ഞ മാർച്ച് 27നാണ് കേസിനാസ്പദമായ സംഭവമെന്നു പരാതിയിൽ പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തു ഷാജു നാലു മാസത്തോളം നെടുന്പാശേരി പോലീസ് സ്റ്റേഷനിൽ സിഐയായി ജോലി നോക്കിയിട്ടുണ്ട്.
ഈ കാലയളവിൽ ഹോം നഴ്സിംഗ് സ്ഥാപനത്തിന്റെ ഉടമയായ സ്ത്രീയുമായി പരിചയപ്പെട്ട ഇയാൾ സ്ഥലംമാറിയ ശേഷവും ദേശീയപാതയിലൂടെ കടന്നുപോകുന്പോൾ സ്ഥാപനത്തിൽ എത്തുമായിരുന്നത്രേ. സംഭവ ദിവസം ഷാജുവെത്തിയപ്പോൾ ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. ഈ സമയം ഓഫീസിലെ കാബിനിലിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.