കൊച്ചി: നഗരരാവുകളെ ഭീതിയിലാഴ്ത്തുന്ന ഇതരസംസ്ഥാനക്കാരെ ഒഴിപ്പിക്കുന്നതില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി(കെഎംആര്‍എല്‍)ന്റെ ഭാഗത്തുനിന്ന് നിസഹകരണമെന്നു പോലീസ്. എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷന് പരിധിയില്‍ കലൂര്‍ ബസ് സ്റ്റാന്‍ഡ് മുതല്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം വരെയുള്ള ഭാഗത്ത് റോഡ് മീഡിയനില്‍ മെട്രോ പില്ലറുകള്‍ക്കിടയിലാണ് നൂറുകണക്കിന് ഇതരസംസ്ഥാനക്കാർ അന്തിയുറങ്ങുന്നത്.
ഇവരാണ് പലപ്പോഴും നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. മെട്രോയുടെ ഭാഗത്തുനിന്ന് ഇവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം നോര്‍ത്ത് പോലീസ് പല തവണ കൊച്ചി മെട്രോ അധികാരികള്‍ക്കും കൊച്ചി നഗരസഭയ്ക്കും കത്തു നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് പോലീസ് പറയുന്നത്. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മീഡിയനില്‍ നട്ടുവളര്‍ത്തിയിട്ടുള്ള ചെടികള്‍ കാടു പോലെയായതിനാല്‍ ഇത്തരക്കാര്‍ക്ക് അത് മറ്റൊരു ഒളിയിടമാണ്.
ഈ ഭാഗത്ത് വേലിക്കെട്ടി തിരിച്ചാല്‍ ഇവരെ അവിടെ നിന്ന് ഒഴിവാക്കാനാകുമെന്ന് പോലീസ് കത്തിലൂടെ ആവശ്യപ്പെട്ടെങ്കിലും അതിനൊരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. കലൂര്‍ ലെനിന് സെന്ററിന് എതിര്‍വശത്ത് ഇത്തരത്തില്‍ വളര്‍ന്നിട്ടുള്ള ചെടികള്‍ക്കും ടെലഫോണ്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ബോക്സിനും പില്ലറിനുമിടയില് ചെറിയ കൂര പോലെയാക്കി പൂച്ച, പ്രാവ് തുടങ്ങിയ വളര്‍ത്തു മൃഗങ്ങളുമായി താമസിക്കുന്നവരുണ്ട്.
മദ്യപിച്ച് ലക്ക് കെട്ട് കിടക്കുന്ന ഇവരെ റോഡിന്റെ മധ്യത്തില്‍ നിന്ന് മാറ്റി കിടത്താന്‍ ശ്രമിക്കുമ്പോള്‍ പോലീസിന് നേരെ പോലും ഇവര്‍ തിരിയാറുണ്ട്. കഴിഞ്ഞ 21 ന് കതൃക്കടവ് ഭാഗത്ത് കടവരാന്തയില്‍ കിടന്നുറങ്ങിയ ആളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചതിനാണ് കെട്ടിട ഉടമയെ തമിഴ്നാട് സ്വദേശി അതിക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കടവരാന്തയില്‍ പലപ്പോഴും വിസര്‍ജ്യങ്ങള്‍ കാണപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം വരാന്തയില്‍ കിടന്നുറങ്ങിയ ആളെ എഴുന്നേല്‍പ്പിച്ചു വിടാന്‍ ശ്രമിച്ചത്.
സ്ഥലം ബുക്ക് ചെയ്ത് മറിച്ചു വില്‍ക്കും
സാമൂഹ്യവിരുദ്ധരുടെ താവളമായ മെട്രോ തൂണുകള്‍ക്കിടയില്‍ ഏറ്റവും വിശാലവും അനുയോജ്യവുമായ സ്ഥലം മാര്‍ക്ക് ചെയ്ത് ബുക്ക് ചെയ്ത ശേഷം മറിച്ചു വില്‍ക്കുന്ന വിദഗ്ധരും ഇക്കൂട്ടത്തിലുണ്ട്. ആന്ധ്ര, തമിഴ് സ്വദേശികളാണ് ഇവരില്‍ അധികവും. സ്വന്തം നാടുകളില്‍ കുറ്റകൃത്യങ്ങള്‍ നടത്തി അവിടെ നിന്ന് രക്ഷപ്പെട്ട് വന്നു താമസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
പുരുഷന്മാര് പകല്‍ പിടിച്ചുപറിയും പഴ്സ് മോഷണവുമൊക്കെ നടത്തി രാത്രി മദ്യപിച്ചാണ് ഇവിടെ എത്തുന്നത്. രാത്രികാലങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നുണ്ട്. മീഡിയനില്‍ കിടക്കുന്നതിനാല്‍ ലഹരി വിലപ്നയും തകൃതിയിലാണ്.ഇവിടെ അന്തിയുറങ്ങുന്ന അന്യസംസ്ഥാനക്കാരായ സ്ത്രീകള്‍ പകല്‍ സമയങ്ങളില്‍ അനാശാസ്യപ്രവര്‍ത്തനങ്ങളും ലോട്ടറിക്കച്ചവടവും ചെറിയ മദ്യക്കുപ്പികള്‍ വാങ്ങി സാരിക്കിടയില്‍ തിരുകി വില്പനയുമാണ് നടത്തുന്നത്.
കലൂര്‍ സ്റ്റാന്‍ഡിനു പുറത്ത് കരിക്ക് വില്പന നടത്തുന്നതിനടുത്തായി ഇരയെ കാത്തി പകല്‍ സമയത്ത് സ്ത്രീകള്‍ നില്‍ക്കുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. സ്ത്രീകളും ലഹരി വില്പന നടത്താറുണ്ട്.മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ് ഇവര്‍. ലഹരിക്കടിമകളായി സ്വബോധം നഷ്ടപ്പെട്ടു കിടക്കുന്ന ഇവര്‍ പലപ്പോഴും നഗ്നരായിട്ടാണ് റോഡിന്റെ മധ്യത്തില്‍ കിടക്കുന്നത്.
അര്‍ധരാത്രി അതിവേഗതയില്‍ വാഹനങ്ങള്‍ പായുന്ന റോഡിലേക്ക് പലരും ഉറക്കത്തില്‍ വീഴുകയും കൈകാലുകള്‍ റോഡിലേക്ക് നീട്ടി വച്ചുമാണ് കിടക്കാറുള്ളത്. ഇത് ജീവനു തന്നെ ഭീഷണി സൃഷ്ടിക്കുന്നു. ഇവരെ റോഡില്‍നിന്ന് മാറ്റാനായി വാഹനം നിര്‍ത്തുമ്പോള്‍ പുറകേ വരുന്ന വണ്ടികള്‍ കൂട്ടിയിടിച്ച് അപകടവും പതിവായിട്ടുണ്ട്.
ഇതില്‍ ചിലര്‍ മലമൂത്ര വിസര്‍ജനം നടത്തുന്നതും നഗര മധ്യത്തില്‍ റോഡിനു മദ്ധ്യ ഭാഗത്തായുള്ള മീഡയനില്‍ തന്നെയാണ്. സന്നദ്ധ സംഘടനകള്‍ മൂന്നു നേരം ഭക്ഷണം വിതരണം ചെയ്യുന്നതിനാല്‍ ഇക്കൂട്ടര്‍ ഇവിടം വിട്ട് പോകുന്നുമില്ല.
കര്‍ശന നടപടിക്കൊരുങ്ങി പോലീസ്
മീഡിയനില്‍ രാത്രികാലങ്ങളില്‍ കിടന്നുറങ്ങുന്നവരെ ഒഴിപ്പിക്കുന്നതിന് കര്‍ശന നടപടി ആരംഭിച്ചതായി എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജി. പ്രതാപ് ചന്ദ്രന് പറഞ്ഞു. ഏറെ തിരക്കുള്ള ഈ പ്രദേശത്തെ അന്തിയുറക്കം വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കും. മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്ന അമ്മമാരോടൊപ്പംപ്പം അവിടെ കിടന്നുറങ്ങുന്ന കുഞ്ഞുങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് കര്‍ശന നടപടിയുമായി മുന്നോട്ട് പോകുന്നതെന്ന് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന് പറഞ്ഞു.