ഹരുണി സുരേഷ്
വൈപ്പിന്‍: ജില്ലയിലെ തന്ത്രപ്രധാനഭാഗങ്ങളായ നെടുമ്പാശേരി എയര്‍പോര്‍ട്ട്, മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍, 24 കിലോമീറ്ററോളം വരുന്ന വൈപ്പിന്‍ തീരം എന്നീ പ്രദേശങ്ങള്‍ കൊച്ചി സിറ്റി പോലീസ് പരിധിയിലാക്കും.
നിലവില്‍ ഈ സ്ഥലങ്ങള്‍ റൂറല്‍ പോലീസ് ജില്ലയിലാണ് നിലകൊള്ളുന്നത്. താരതമ്യേന വിസ്താരമേറിയ റൂറല്‍ മേഖലയുടെ പരിധി കുറക്കുകയും തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ സിറ്റിപോലീസ് പരിധിയിലാക്കുകയുമാണ് ലക്ഷ്യം.
ഇതു സംബന്ധിച്ച ശുപാര്‍ശകള്‍ ആഭ്യന്തര വകുപ്പ് അംഗീകരിച്ച സാഹചര്യത്തില്‍ അധികം വൈകാതെ ഉത്തരവ് ഇറങ്ങുമെന്നാണ് സൂചന.
ഇതോടെ മുനമ്പം ഡിവിഷനില്‍പെട്ട ഞാറക്കല്‍, മുനമ്പം, പറവൂര്‍, വരാപ്പുഴ, പുത്തന്‍വേലിക്കര, വടക്കന്പുറം എന്നീ പോലീസ് സ്റ്റേഷനുകളും ആലുവ സബ്ഡിവിഷനിലെ എടത്തല ഒഴികെയുള്ള ആലുവ ഈസ്റ്റ്, ആലുവ വെസ്റ്റ്, ബിനാനിപുരം, അങ്കമാലി, നെടുമ്പാശേരി, ചെങ്ങമനാട് എന്നീ പോലീസ് സ്റ്റേഷനുകളും സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലാകും.
ഒപ്പം റൂറലില്‍ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പിറവം, പുത്തന്‍കുരിശ് എന്നീ നാലു സബ്ഡിവിഷനുകള്‍ മാത്രമായി ചുരുങ്ങും. മൂവാറ്റുപുഴയിലെ കെട്ടിടം പണി പൂര്‍ത്തിയാകുന്നതോടെ റൂറല്‍ പോലീസ് ജില്ലയുടെ ആസ്ഥാനം മൂവാറ്റുപുഴയിലേക്ക് മാറുകയും ചെയ്യും.
സിറ്റി പോലീസിനു കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ നിരവധി കണ്ട്രോള് റൂം വാഹനങ്ങള്‍ നിരത്തുകളില്‍ എപ്പോഴും ഉണ്ടാകുമെന്നതിനാല്‍ എന്തെങ്കിലും സംഭവികാസങ്ങള്‍ ഉണ്ടായാല്‍ സിറ്റിയിലെപോലെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സ്ഥലത്തെത്തും.
ഇത് ക്രമസമാധാനപാലത്തിനു വേഗം കൂട്ടുകയും പൊതുസമൂഹത്തിനു ഏറെ ഗുണകരമാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.