കൊച്ചി: സിറ്റി ഗ്യാസ് പദ്ധതിക്കായി വെട്ടിപ്പൊളിക്കുന്ന റോഡ് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിർദേശത്തിനു വഴങ്ങി കൊച്ചി കോർപറേഷൻ. റോഡ് പുനരുദ്ധാരണത്തിനു പിഡബ്ല്യുഡി നിരക്ക് ഈടാക്കാൻ തീരുമാനിച്ചുകൊണ്ടുള്ള അജണ്ട ഇന്നലെ ചേർന്ന കൗണ്‍സിലിൽ അംഗീകരിച്ചു. ഇതോടെ സർക്കാരും കോർപറേഷനുമായുള്ള ഒരു വർഷത്തോളം നീണ്ട തർക്കത്തിനാണ് അവസാനമായത്.
റോഡ് കുഴിക്കുന്നതിൽ കന്പനി പാലിക്കേണ്ട പത്തു നിബന്ധനകളും കോർപറേഷൻ മുന്നോട്ടുവച്ചിട്ടുണ്ട്.പിഡബ്ല്യുഡി പുതുക്കി നിശ്ചയിച്ച നിരക്കാണ് അംഗീകരിച്ചിരിക്കുന്നത്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ റോഡ് നവീകരിക്കാൻ 5396 രൂപയ്ക്കും ചിപ്പിംഗ് കാർപെറ്റ് വിരിക്കുന്നതു 4680 രൂപയ്ക്കും കോണ്‍ക്രീറ്റ് ചെയ്യുന്നതിന് 6252 രൂപയ്ക്കും ഇന്റർലോക്ക് ടൈൽ വിരിക്കുന്നതിന് 5301 രൂപയ്ക്കുമാണ് കൗണ്‍സിൽ അനുമതി.
നഷ്ടമില്ലാതെ റോഡ് നവീകരിക്കാണമെങ്കിൽ ചതുരശ്രമീറ്ററിനു 5930 രൂപയാകുമെന്നായിരുന്നു അന്ന് കോർപറേഷൻ വാദിച്ചത്. 3686 രൂപയ്ക്ക് അനുമതി നൽകണമെന്ന് പൊതുമരാമത്ത് വകുപ്പും നിലപാട് എടുത്തിരുന്നു. ഇതിൽ മാറ്റം വരുത്തിയാണ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്.
വൈറ്റില ദേശീയപാതയിൽ തൈക്കൂടം അണ്ടർപാസിൽ നിന്നു തുടങ്ങി ബണ്ട് റോഡ്, സൗത്ത് ചിലവന്നൂർ റോഡ്, പണ്ടാരച്ചിറ റോഡ്, കെ.പി. വള്ളോൻ റോഡ്, ആനാംതുരുത്ത് റോഡ്, ചക്കാലക്കൽ റോഡ്, ലൂർദ് ചർച്ച് റോഡ്, പണ്ഡിറ്റ് കറുപ്പൻ റോഡ് എന്നിവ വഴി പെരുമാനൂർ കെയുആർടിസി ഡിപ്പോയിൽ അവസാനിക്കുന്ന നിലയിൽ 4.23 കിലോമീറ്ററിലാണു പൈപ്പിടാൻ കന്പനി അപേക്ഷ നൽകിയത്.
വൈറ്റില സോണിൽ 2.7 കിലോമീറ്ററും സെൻട്രൽ സോണിൽ 1.6 കിലോമീറ്ററുമാണ് പൈപ്പിടേണ്ടത്. ഇപ്പോൾ അംഗീകരിച്ചിട്ടുള്ള നിരക്ക് പ്രകാരം വൈറ്റില സോണിൽ ജിഎസ്ടിക്ക് പുറമേ 1.39 കോടിയും സെൻട്രൽ സോണിൽ 81 ലക്ഷവും കന്പനി കോർപറേഷന് നൽകണം.
സിറ്റി ഗ്യാസ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് കന്പനിക്കു കുറഞ്ഞനിരക്കിൽ റോഡ് വെട്ടിപ്പൊളിക്കാൻ ആവശ്യപ്പെട്ടുള്ള അജണ്ട മുൻപ് കൗണ്‍സിലിൽ വന്നപ്പോഴൊക്ക പ്രതിപക്ഷത്തിന്റെ പിന്തുണയോടെ മാറ്റിവയ്ക്കുകയായിരുന്നു.
സർക്കാർ നിർദേശിക്കുന്ന പിഡബ്ല്യുഡി നിരക്കിൽ അനുമതി നൽകിയാൽ കോർപറേഷന് വൻ സാന്പത്തിക നഷ്ടം ഉണ്ടാകുമെന്നു ഭരണ, പ്രതിപക്ഷാംഗങ്ങൾ ഒരുപോലെ ചൂണ്ടിക്കാട്ടി. കോർപറേഷനു നഷ്ടം ഉണ്ടാകുന്ന ഒരു നിർദേശത്തിനും വഴങ്ങേണ്ടതില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം
. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് അനുകൂലമായ തീരുമാനത്തിലെത്തണമെന്ന നിർദേശവും പ്രതിപക്ഷം മുന്നോട്ടുവച്ചിരുന്നു. സർക്കാർ നിർദേശത്തോടുള്ള വിയോജിപ്പ് അറിയിക്കാൻ തിരുവനന്തപുരത്തെത്തിയ മേയറും പ്രതിപക്ഷവും ഉൾപ്പെടെ സർവകക്ഷിസംഘത്തിന് പറയാനുള്ളത് കേൾക്കാൻപോലും മുഖ്യമന്ത്രി തയാറായില്ല. നിർദേശം എത്രയും വേഗം നടപ്പാക്കണമെന്ന് അന്ത്യശാസനവും നൽകി.
മുഖ്യമന്ത്രി വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ സർക്കാരിന് അനുകൂലമായ നിലയിൽ തീരുമാനം കൈക്കൊള്ളാൻ കോർപറേഷൻ നിർബന്ധിതമാകുകയായിരുന്നു. ഇന്നലെ അജണ്ട ചർച്ചയ്ക്ക് വന്നപ്പോൾ അംഗങ്ങളാരും എതിർപ്പ് പ്രകടിപ്പിച്ചില്ല. ചർച്ചപോലും നടത്താതെയാണ് അജണ്ട പാസായത്.